പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ… പ്രതിദിനം 6000 വരെ നഷ്ടം, സർവീസുകൾ കൂട്ടത്തോടെ നിർത്തലാക്കുന്നു

കോഴിക്കോട്: കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. പദ്ധതി യാഥാർത്ഥ്യമായതോടെ യാത്രക്കാർ വൻതോതിൽ കുറഞ്ഞതായും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും ബസ് ഉടമകൾ വ്യക്തമാക്കുന്നു. ഇതിനകം തന്നെ കാസർകോട് ജില്ലയിൽ ഇരുപതോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ അവസാനിപ്പിക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.
കോഴിക്കോട് ജില്ലയിൽ നൂറിലധികം സർവീസുകൾ നിർത്തിവെക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. ജൂലൈ ഒന്ന് മുതൽ കൂടുതൽ സർവീസുകൾ അവസാനിപ്പിക്കും. കുറ്റ്യാടി, കുന്ദമംഗലം, താമരശേരി, മുക്കം, മാവൂർ, വടകര, കൊയിലാണ്ടി തുടങ്ങിയ ഉൾപ്രദേശങ്ങളിലേക്ക് വലിയ നഷ്ടം സഹിച്ചാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഈ മേഖലകളിലെ പകുതിയോളം സർവീസുകൾ ഇതിനകം തന്നെ നിർത്തിക്കഴിഞ്ഞു. പാലക്കാട്, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലേക്ക് നടത്തുന്ന അന്തർ സംസ്ഥാന സർവീസുകളടക്കം നിർത്താനാണ് നിലവിലെ തീരുമാനം. കാസർകോട് നിന്നുള്ള അന്തർ സംസ്ഥാന യാത്രകൾക്ക് അടക്കം യാത്രക്കാർ ഇപ്പോൾ കെഎസ്ആർടിസി ബസുകളെയാണ് ആശ്രയിക്കുന്നത്. കാസർകോട് നിന്നുള്ള ഏഴ് ബസ് റൂട്ടുകളോളം കർണാടകയുമായി ബന്ധിപ്പിക്കുന്നതാണ്. എന്നാൽ ഈ റൂട്ടുകളിലൊന്നും സ്ത്രീ യാത്രക്കാർ സ്വകാര്യ ബസുകളിൽ കയറുന്നില്ലെന്നാണ് ഉടമകൾ പറയുന്നത്.
പ്രിയദർശിനി സൗജന്യ യാത്ര വന്ന പശ്ചാത്തലത്തിൽ സ്ത്രീകൾ കെഎസ്ആർടിസി ബസിൽ കയറുമ്പോൾ, അവരോടൊപ്പമുള്ള പുരുഷന്മാരും അത്തരം ബസുകൾ തന്നെ ഉപയോഗിക്കുന്നതാണ് സ്വകാര്യ ബസുകളിൽ യാത്രക്കാർ കുത്തനെ കുറയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. കാസർകോട് വെറും മൂന്ന് റൂട്ടുകളിൽ മാത്രമാണ് കെഎസ്ആർടിസി ബസുകൾ ഇല്ലാത്തത്. എന്നാൽ ഇതൊക്കെ പരമാവധി 15 മുതൽ 18 രൂപ വരെ മാത്രം ടിക്കറ്റ് നിരക്കുള്ള ചെറിയ പോയിന്റുകളാണെന്നതും സ്വകാര്യ ബസുകളുടെ വരുമാനത്തെ ബാധിക്കുന്നു. നിലവിലെ കടുത്ത പ്രതിസന്ധി മറികടക്കാൻ ബസ് ചാർജ് വർധന നടപ്പിലാക്കുകയോ അല്ലെങ്കിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുകയോ ചെയ്യണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.
വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ബസുടമകൾ ഇതിനോടകം നിവേദനം നൽകിയിട്ടുണ്ട്. അതിനാൽ പെട്ടെന്നൊരു പ്രത്യക്ഷ സമരത്തിലേക്ക് പോകാൻ ബസ് സംഘടനകൾ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഭേദഗതികളോ തീരുമാനങ്ങളോ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകുന്നു.



