‘ഞങ്ങൾക്ക് കുറച്ച് സ്വകാര്യത തരൂ, നിങ്ങൾക്ക് ടിആർപിയാണോ വേണ്ടത്?’; ഭാ​ഗ്യരാജി​ന്റെ മൃതദേഹം ഇറക്കാൻ തടസ്സമായ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടി രാധിക ശരത്കുമാർ

അന്തരിച്ച പ്രശസ്ത തെന്നിന്ത്യൻ നടനും സംവിധായകനുമായ കെ. ഭാഗ്യരാജിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോൾ മാധ്യമപ്രവർത്തകർ അനാവശ്യമായി തടിച്ചുകൂടിയതിനെതിരെ രൂക്ഷവിമർശനവുമായി നടി രാധിക ശരത്കുമാർ. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഭാഗ്യരാജിനെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനവലിയാണ് അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിയത്. എന്നാൽ, ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് എത്തിയപ്പോൾ ദൃശ്യങ്ങൾ പകർത്താനായി മാധ്യമങ്ങൾ വാഹനത്തെ വളഞ്ഞത് വൻ പ്രതിഷേധത്തിന് ഇടയാക്കി.

ആംബുലൻസിൽ നിന്നും മൃതദേഹം പുറത്തെടുക്കാൻ പോലും സാധിക്കാത്ത വിധം മാധ്യമക്കൂട്ടം തടസ്സം സൃഷ്ടിച്ചതോടെയാണ് വാഹനത്തിലുണ്ടായിരുന്ന രാധിക ശരത്കുമാർ നിയന്ത്രണം വിട്ട് വൈകാരികമായി പ്രതികരിച്ചത്. കണ്ണീരോടെ കൈകൂപ്പി മാധ്യമങ്ങൾക്ക് മുന്നിൽ അവർ തന്റെ രോഷവും സങ്കടവും പ്രകടിപ്പിച്ചു.

“സിനിമയാണ് ഞങ്ങളുടെ ജീവിതം, പക്ഷേ ഞങ്ങളുടെ വ്യക്തിജീവിതം വ്യത്യസ്തമാണ്. നിങ്ങൾക്ക് ടിആർപി (TRP) മാത്രമാണ് വേണ്ടതെങ്കിൽ, ഞങ്ങൾ നിങ്ങൾക്കായി സിനിമയിൽ അഭിനയിച്ചു തരാം. ദയവായി ഈ സാഹചര്യത്തിൽ ഞങ്ങൾക്ക് കുറച്ച് സ്വകാര്യത തരൂ,” എന്ന് രാധിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

രാധികയുടെ പ്രതികരണത്തെ തുടർന്ന് മാധ്യമപ്രവർത്തകർ ആംബുലൻസിന്റെ പരിസരത്തുനിന്ന് പിന്നോട്ട് മാറുകയും തുടർന്ന് ഭൗതികശരീരം വീട്ടിലേക്ക് മാറ്റുകയുമായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിലവിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മാധ്യമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളുടെ അതിരുകടന്ന പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ദുരന്തമുഖങ്ങളിലും മരണവീടുകളിലും മിനിമം മാന്യത പുലർത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

താരങ്ങളാണെങ്കിലും അവരും മനുഷ്യരാണെന്നും, ഇത്തരം സന്ദർഭങ്ങളിൽ അവർക്കൊപ്പം നിൽക്കുന്നതിന് പകരം റേറ്റിംഗിന് വേണ്ടി മാത്രം ‘കഴുകന്മാരെപ്പോലെ’ പെരുമാറുന്നത് ശരിയല്ലെന്നും കമ​ന്റുകളിൽ ആളുകൾ കുറിക്കുന്നു. സംസ്കാര ചടങ്ങുകളിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ (നടികർ സംഘം) നേരത്തെ അറിയിച്ചിരുന്നിട്ടും, ചില മാധ്യമങ്ങൾ ഇത് പൂർണ്ണമായി അവഗണിച്ചതാണ് ഇത്തരം മോശം സാഹചര്യങ്ങൾക്ക് കാരണമായതെന്നും കടുത്ത നടപടികൾ സ്വീകരിക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

Related Articles

Back to top button