ഗവർണർക്കെതിരെ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. വിസി നിയമനം ജനാധിപത്യ വ്യവസ്ഥയുടെ ലംഘനമാണെന്നും നിയമനം നടത്തേണ്ടത് സംസ്ഥാന സർക്കാരാണ് എന്നും റോജി എം ജോൺ പറഞ്ഞു. സംസ്ഥാന സർക്കാർ നൽകിയ പട്ടിക പോലും പരിഗണിക്കാതെയാണ് ടി സജിതാ റാണിയെ നിയമിച്ചതെന്നും നിയമനം കോടതിയിൽ ചോദ്യം ചെയ്യുന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും റോജി എം ജോൺ പറഞ്ഞു.’സജിതാ റാണിയുടെ യോഗ്യത എന്താണെന്ന് എനിക്കറിയില്ല. സർക്കാർ നൽകിയ ലിസ്റ്റ് പരിഗണിക്കാതെയാണ് നിയമനം വന്നിട്ടുളളത്.
ഇത്തരത്തിലുളള കടന്നുകയറ്റങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരം കടന്നുകയറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നും അതിനെ എതിർക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അത് ഇപ്പോഴും തുടരും. സംസ്ഥാന സർവകലാശാലകളുടെ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിക്ഷിപ്തമായിരിക്കും. പക്ഷെ കേന്ദ്രസർക്കാർ ചാൻസലറെ ഉപയോഗപ്പെടുത്തിക്കൊണ്ട് അധികാരം പിടിച്ചെടുക്കാനുളള ശ്രമമാണ് നടത്തുന്നത്. ജനാധിപത്യ വിരുദ്ധമായ നടപടിയാണത്’: റോജി എം ജോൺ പറഞ്ഞു. സർവകലാശാല ആക്ടുമായി ബന്ധപ്പെട്ട് ചില നിയമപരമായ തടസങ്ങളുണ്ടെന്നും അതുകൂടി പരിഗണിച്ച് തുടർനടപടി സ്വീകരിക്കുമെന്നും റോജി എം ജോൺ കൂട്ടിച്ചേർത്തു.



