ഡൽഹിയെ നടുക്കി വീണ്ടും സെപ്റ്റിക് ടാങ്ക് ദുരന്തം… വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു

ഡൽഹി: തലസ്ഥാന നഗരിയെ നടുക്കി വീണ്ടും സെപ്റ്റിക് ടാങ്ക് ദുരന്തം. ഡൽഹി മുണ്ട്കയിലെ ഒരു വ്യവസായ സ്ഥാപനത്തിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു. ഡൽഹി സുൽത്താൻപുരി സ്വദേശികളായ അരുൺ, സന്ദീപ്, ചന്ദ് എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.വ്യവസായ സ്ഥാപനത്തിലെ ശുചീകരണ ജോലികൾക്കിടെയാണ് അപകടമുണ്ടായത്.
ടാങ്കിൽ അടിഞ്ഞുകൂടിയ മിഥേൻ, ഹൈഡ്രജൻ സൾഫൈഡ് എന്നീ മാരകമായ വിഷവാതകങ്ങൾ ശ്വസിച്ച് തൊഴിലാളികൾ ബോധരഹിതരായി ടാങ്കിനുള്ളിൽ കുടുങ്ങുകയായിരുന്നു. അപകടവിവരമറിഞ്ഞ് ഉടൻ തന്നെ രക്ഷാപ്രവർത്തകർക്കായി വിവരമറിയിച്ചെങ്കിലും മേഖലയിലെ കടുത്ത ഗതാഗതക്കുരുക്ക് വിനയായി. ഗതാഗതക്കുരുക്കിൽ പെട്ട് രക്ഷാപ്രവർത്തകർക്ക് കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്തിച്ചേരാൻ സാധിച്ചില്ല. തുടർന്ന് മറ്റൊരു സ്ഥലത്ത് നിന്നാണ് അഗ്നിശമന സേനാ യൂണിറ്റിനെ എത്തിച്ചത്.എന്നാൽ അഗ്നിശമന സേന എത്തിച്ചേരുമ്പോഴേക്കും ഏറെ വൈകിയിരുന്നു. ടാങ്കിനുള്ളിൽ വെച്ച് തന്നെ മൂവരും മരണപ്പെട്ടിരുന്നു.
തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ ഏറെ പ്രയത്നിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണോ തൊഴിലാളികളെ ടാങ്കിലിറക്കിയത് എന്നതിനെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



