സംസ്ഥാനത്ത് ഇനി സ്പെഷ്യൽ ഗ്രേഡ് കോളേജുകളില്ല… മഹാരാജാസ് ഉൾപ്പെടെ ഏഴ് കോളേജുകളുടെ പദവി റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ സ്പെഷ്യൽ ഗ്രേഡ് കോളേജ് സംവിധാനം സർക്കാർ അവസാനിപ്പിച്ചു. എറണാകുളം മഹാരാജാസ് കോളേജ് ഉൾപ്പെടെ ഏഴ് കോളേജുകൾക്ക് നൽകിയിരുന്ന സ്പെഷ്യൽ ഗ്രേഡ് പദവി ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി.

1994-ലെ സ്പെഷ്യൽ റൂൾ പ്രകാരമായിരുന്നു ഈ കോളേജുകൾക്ക് സ്പെഷ്യൽ ഗ്രേഡ് പദവി നൽകിയിരുന്നത്. എന്നാൽ ഏഴാം യുജിസി റഗുലേഷൻ പ്രകാരം ‘സ്പെഷ്യൽ ഗ്രേഡ് കോളേജുകൾ’ എന്ന വിഭാഗത്തിന് അംഗീകാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വകുപ്പ് നടപടി. പദവി റദ്ദാക്കിയതോടെ ബന്ധപ്പെട്ട ഏഴ് കോളേജുകളിലും സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി.

നിലവിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഏറ്റവും മുതിർന്ന പ്രിൻസിപ്പൽമാർക്കാണ് സ്പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പൽ എന്ന നിലയിൽ സ്ഥാനക്കയറ്റം ലഭിച്ചിരുന്നത്. പുതിയ ഉത്തരവോടെ ആ രീതി അവസാനിക്കും. ഇനി മുതൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ തസ്തിക തന്നെയാകും ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനക്കയറ്റത്തിനുള്ള ഫീഡർ തസ്തിക. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ സ്ഥാനക്കയറ്റ സംവിധാനത്തിലും ഭരണഘടനയിലും ഈ തീരുമാനം നിർണായക മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button