തെളിവുണ്ടെങ്കിൽ പുറത്തുവിടൂ… SFI ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ… പി എസ് സഞ്ജീവ്

തിരുവനന്തപുരം: എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിനിടെ പ്രവർത്തകർ ബ്ലേഡ് ഉപയോഗിച്ചെന്ന പോലീസ് ആരോപണത്തെ ശക്തമായി തള്ളി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. സമരത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ ബ്ലേഡ് ഉപയോഗിച്ചതിന് എന്തെങ്കിലും തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയാൻ താൻ തയ്യാറാണെന്ന് സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു. അവിടെ ബ്ലേഡ് കൊണ്ടുവന്നത് പോലീസ് തന്നെയാണ്. തിരുട്ടു ഗ്രാമത്തിൽ കള്ളന്മാരെ പരിശീലിപ്പിക്കുന്നത് പോലെയാണ് പോലീസ് സമരപ്പന്തലിൽ ബ്ലേഡ് ഉപയോഗിച്ചതെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
വിഷയത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ മാരകായുധങ്ങൾ ഉപയോഗിച്ചതിന് കേസെടുത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് സഞ്ജീവ് കുറ്റപ്പെടുത്തി. ആരെങ്കിലും സ്വന്തം ശരീരം സ്വന്തം ബ്ലേഡ് ഉപയോഗിച്ച് കീറാൻ തയാറാകുമോ? ഈ ബ്ലേഡ് സമര സ്ഥലത്തേക്ക് എങ്ങനെ വന്നുവെന്നതിനെക്കുറിച്ച് കൃത്യമായ അന്വേഷണം വേണം. മാധ്യമങ്ങൾ കൃത്യമായ തെളിവ് പുറത്തുവിട്ടിട്ട് വേണം ഞങ്ങളെ വിചാരണ ചെയ്യാൻ. അവിടുത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളും ക്യാമറകളും പരിശോധിക്കാൻ പോലീസ് തയ്യാറാകണം. എന്ന് പി.എസ് സഞ്ജീവ് വെല്ലുവിളിച്ചു.
എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷങ്ങൾക്ക് പിന്നാലെ റോഡിൽ നിന്നും നിരവധി ബ്ലേഡുകൾ പോലീസ് കണ്ടെടുത്തിരുന്നു. സമരത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർആർഎഫ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് ബ്ലേഡ് കൊണ്ട് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പോലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ വേണ്ടി എസ്എഫ്ഐ പ്രവർത്തകർ ആസൂത്രിതമായി കൊണ്ടുവന്ന ബ്ലേഡുകളാണിതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ഇതേത്തുടർന്ന് മാരകായുധങ്ങൾ കൈവശം വെക്കൽ, വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്, സെക്രട്ടറി പി.എസ് സഞ്ജീവ് അടക്കം കണ്ടാലറിയാവുന്ന 10 പ്രമുഖ നേതാക്കൾക്കെതിരെയും നൂറോളം പ്രവർത്തകർക്കെതിരെയും പോലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



