കുടിയന്മാർ എന്തായാലും കുടിക്കും, അവർക്ക് നല്ല സാധനം കൊടുക്കാനാണ് വീര്യം കുറഞ്ഞ മദ്യം…. കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് പ്രഖ്യാപനത്തെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ രംഗത്ത്. സമൂഹത്തിൽ സ്ഥിരം മദ്യപിക്കുന്നവർ ഉണ്ടെന്നും, അവർ എന്തെങ്കിലും കലക്കിക്കുടിച്ച് ദുരന്തങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കാനാണ് ‘നല്ല സാധനം’ അതായത് വീര്യം കുറഞ്ഞ മദ്യം നൽകുക എന്ന ആശയത്തിലേക്ക് സർക്കാർ എത്തിയതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മദ്യനയത്തെക്കുറിച്ചുള്ള സർക്കാരിന്റെ കാഴ്ചപ്പാട് വ്യക്തമാക്കിക്കൊണ്ടായിരുന്നു മുരളീധരന്റെ പ്രതികരണം. ഒരിക്കലും മദ്യം ഉപയോഗിക്കാത്ത ആളായിരുന്നു കെ. കരുണാകരൻ. എന്നാൽ അദ്ദേഹത്തിന്റെ കാലത്താണ് സംസ്ഥാനത്ത് ബെവ്‌കോ കൊണ്ടുവന്നത്. കുടിയന്മാർ എന്തായാലും ഈ സമൂഹത്തിലുണ്ട്. അവർ എങ്ങനെയായാലും കുടിക്കും. അവർക്ക് കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കുക എന്നതാണ് ഈ നയത്തിന്റെ അർത്ഥം. എന്നാൽ ഇത് അധികനാൾ മുന്നോട്ട് കൊണ്ടുപോകാനാകില്ല, ഘട്ടഘട്ടമായി മദ്യം ഇല്ലാതാക്കും. സമ്പൂർണ്ണ മദ്യനിരോധനം ഇപ്പോൾ പ്രായോഗികമല്ല. അതേസമയം, വിദ്യാർത്ഥികൾക്ക് മദ്യം നൽകാൻ ഒരുകാരണവശാലും അനുവദിക്കില്ല, ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണ-പ്രതിപക്ഷ കൗൺസിലർമാരുടെ കൈയാങ്കളിയെയും മന്ത്രി കെ. മുരളീധരൻ രൂക്ഷമായി വിമർശിച്ചു. നഗരത്തിൽ മാലിന്യം കുന്നുകൂടുകയാണെന്നും പകർച്ചവ്യാധികൾ പടർന്നുപിടിച്ചാൽ നിയന്ത്രിക്കാൻ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയുള്ള സമയമാണിത്. മാലിന്യം നീക്കം ചെയ്യേണ്ട സമയത്ത് കൗൺസിലർമാർ തമ്മിലടിച്ചാൽ കൊതുക് പെരുകും. ‘ഇവിടെ അടിയാണെന്ന് കൊതുകിന് അറിയില്ലല്ലോ’ എന്ന് പരിഹസിച്ച മന്ത്രി, മറ്റു തർക്കങ്ങൾ മാറ്റിവെച്ച് നഗരസഭ മാലിന്യനീക്കം ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, യുഡിഎഫ് മുന്നണിക്കുള്ളിൽ നിന്നും കോൺഗ്രസ് നേതാക്കളിൽ നിന്നും കടുത്ത എതിർപ്പ് ഉയരുമ്പോഴും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിർദ്ദേശവുമായി മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രി വി.ഡി സതീശന്റെ തീരുമാനം. ഒരു തരത്തിലുള്ള സമ്മർദ്ദങ്ങൾക്കും വഴങ്ങി ധനബില്ലിൽ നിന്ന് ഈ നിർദ്ദേശം ഒഴിവാക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി. നികുതി സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം തനിക്കാണെന്നും ഇത് വകുപ്പ് മന്ത്രിയെ മുൻകൂട്ടി അറിയിക്കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. ഈ തീരുമാനത്തിന്റെ സാഹചര്യം അദ്ദേഹം മറ്റ് നേതാക്കളെ ബോധ്യപ്പെടുത്തും. എന്നാൽ ഈ നീക്കത്തിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. വിഷയം യുഡിഎഫ് യോഗത്തിന് മുൻപ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആവശ്യം. അതേസമയം, എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങൾ കേട്ട് സന്തുലിതമായ മദ്യനയമായിരിക്കും യുഡിഎഫ് സർക്കാർ കൊണ്ടുവരികയെന്ന് എക്‌സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. വ്യക്തിപരമായി താൻ മദ്യവിരുദ്ധനാണെങ്കിലും, സർക്കാർ നയ രൂപീകരണത്തിൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെന്നും എം. ലിജു കൂട്ടിച്ചേർത്തു.

Related Articles

Back to top button