‘ഞങ്ങളും സമരം ചെയ്ത് വന്നവരാണ്’… യുഡിഎഫ് സമരത്തെ ഭയമില്ലെന്ന് വി.വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണസ്തംഭനത്തിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ സ്വാഗതം ചെയ്ത് മേയർ വി.വി രാജേഷ്. ഈ മാസം 29-ന് തന്നെ അവിശ്വാസ പ്രമേയത്തിന്മേൽ ചർച്ചയ്ക്കായി കൗൺസിൽ യോഗം ചേരുമെന്നും അതിനുള്ള അജണ്ട നൽകിക്കഴിഞ്ഞതായും മേയർ വ്യക്തമാക്കി. ഞങ്ങളും സമരം ചെയ്ത് തന്നെയാണ് ഈ പദവികളിൽ എത്തിയത്. അതുകൊണ്ട് യുഡിഎഫ് സമരം ചെയ്യട്ടെ. മേയർ ആകുന്നതിന് മുൻപും എനിക്കെതിരെ കേസുകൾ എടുത്തിട്ടുണ്ട്, അതിലൊന്നും ഭയമില്ലെന്നും വി.വി രാജേഷ് പറഞ്ഞു. അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകുന്ന കാര്യത്തിൽ ഇന്ന് വൈകിട്ട് ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.

തിരുവനന്തപുരം കോർപ്പറേഷനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ബിജെപി ഭരണസമിതിക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ആകെയുള്ള 101 അംഗങ്ങളിൽ 50 പേരാണ് ബിജെപിയുടെ അംഗബലം. സ്വതന്ത്ര കൗൺസിലർ പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് ബിജെപി ഇവിടെ ഭരിക്കുന്നത്. എന്നാൽ, വിവാദങ്ങളിൽപ്പെട്ട ആർ. സുഗതൻ അയോഗ്യനായാൽ ബിജെപിയുടെ സ്വന്തം അംഗങ്ങൾ 49 ആയി കുറയും. ഈ സാഹചര്യത്തിൽ സ്വതന്ത്രൻ പിന്തുണ പിൻവലിച്ചാൽ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടമാകും. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ആർ. സുഗതനെ സംരക്ഷിക്കാൻ ബിജെപി നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നതെന്ന് എൽഡിഎഫ് ആരോപിക്കുന്നു. അതേസമയം, കോർപ്പറേഷൻ വിഷയത്തിൽ എൽഡിഎഫ് രാഷ്ട്രീയ കളി മാത്രമാണ് കളിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.എസ് ശബരിനാഥൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം കോർപ്പറേഷനിൽ കൗൺസിലർമാർ തമ്മിലുണ്ടായ വൻ കൈയാങ്കളിയിൽ സിപിഐഎം, ബിജെപി കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സിപിഐഎം കൗൺസിലറുടെ പരാതിയിൽ മേയർ വി.വി രാജേഷ് ഉൾപ്പെടെയുള്ള 10 ബിജെപി ജനപ്രതിനിധികളാണ് പ്രതിപ്പട്ടികയിലുള്ളത്. മറുഭാഗത്ത്, ബിജെപി കൗൺസിലറുടെ പരാതിയിൽ സിപിഐഎം കൗൺസിലർ എസ്.പി ദീപക് ഉൾപ്പെടെ അഞ്ച് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോർപ്പറേഷനിൽ സംഘം ചേർന്നതിനും സംഘർഷമുണ്ടാക്കിയതിനും മന്ത്രി വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ എന്നിവർക്കെതിരെ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുഗതന്റെ രാജി ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ സമരം കടുപ്പിക്കാനാണ് എൽഡിഎഫ് തീരുമാനം.

Related Articles

Back to top button