‘ഒരു സ്ത്രീക്കും ഈ കമ്മിറ്റിയിൽ നിന്ന് നീതി ലഭിക്കില്ല… രാജി അറിയിച്ചപ്പോൾ പ്രസിഡന്റ് മറുപടിയായി അയച്ചത്’…. നടി അൻസിബ ഹസൻ

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നും സംഘടനയിൽ നിന്നും താൻ രാജിവെച്ചു പുറത്തുപോകാനുണ്ടായ യഥാർത്ഥ സാഹചര്യങ്ങൾ വെളിപ്പെടുത്തി നടി അൻസിബ ഹസൻ. ആക്രമിക്കപ്പെട്ട അതിജീവിത ഉൾപ്പെടെ ഒരൊറ്റ സ്ത്രീക്കും നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് നീതിയും പരിഗണനയും ലഭിക്കില്ലെന്ന ഉറച്ച ബോധ്യമാണ് തന്നെ രാജിയിലേക്ക് നയിച്ചതെന്ന് അൻസിബ തുറന്നടിച്ചു. ജൂൺ ലക്കം ഗൃഹലക്ഷ്മിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സംഘടനയ്ക്കുള്ളിലെ വിയോജിപ്പുകളെയും തനിക്കെതിരെ നടന്ന വ്യക്തിപരമായ വേട്ടയാടലുകളെയും കുറിച്ച് അൻസിബ വിശദീകരിച്ചത്.

താൻ രാജി വെക്കുകയാണെന്ന് അറിയിച്ചപ്പോൾ ‘അമ്മ’ പ്രസിഡന്റ് തനിക്ക് മറുപടിയായി അയച്ചത് കണ്ണ് തള്ളുന്ന ഒരു ഇമോജി മാത്രമായിരുന്നുവെന്നും അൻസിബ വെളിപ്പെടുത്തി. സംഘടന ചെയ്യുന്ന നല്ല കാര്യങ്ങളെ തള്ളിപ്പറയുന്നില്ലെങ്കിലും നിലവിലെ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് അൻസിബ പറയുന്നു. സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കമ്മിറ്റിയിൽ വിയോജിപ്പുകൾ തുറന്നുപറഞ്ഞാൽ അത് മനസ്സിൽ വെച്ച് വ്യക്തിപരമായി അക്രമിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കുകയാണ് അവരുടെ രീതി. എനിക്കെതിരെ അവിഹിതകഥകൾ പ്രചരിപ്പിച്ചതും, കള്ളക്കേസിൽ കുടുക്കാൻ പോലീസ് സ്റ്റേഷനിൽ കയറ്റിയതും, എന്നെ ഒരു വർഗ്ഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചതും ഈ സംഘടനയിലുള്ളവർ തന്നെയാണ്. ഇതിനെതിരെ തെളിവുസഹിതം പരാതി നൽകിയിട്ടും പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ അത് ഗൗനിച്ചതേയില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏകകണ്ഠമായാണ് അൻസിബ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇത് ചിലരെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ ഐഎഫ്എഫ്‌കെയുടെ ഭാഗമായി ‘അമ്മ’ നൽകിയ ഡിന്നർ പാർട്ടിയുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽ ഉയർന്ന തർക്കത്തിലാണ് അൻസിബ ആദ്യമായി ശക്തമായ നിലപാട് എടുത്തത്. കമ്മിറ്റിയുടെ അനുമതിയോടെ നടത്തിയ പാർട്ടിക്ക് ശേഷം കമ്മിറ്റിയിലെ ഒരു സംഘം ഒരു സ്ത്രീ കൂടിയായ സെക്രട്ടറിയെ ഗ്രൂപ്പിൽ ഹീനമായി അപമാനിക്കാനും പരിഹസിക്കാനും തുടങ്ങിയപ്പോൾ താൻ അതിനെ ചോദ്യം ചെയ്തെന്നും, അത് പലരും വ്യക്തിപരമായി എടുത്തെന്നും അൻസിബ പറയുന്നു. കൂടാതെ, സംഘടനയുടെ കുടുംബസംഗമവുമായി ബന്ധപ്പെട്ട് ഒരു ക്ഷേത്രത്തിൽ നിന്നും സ്പോൺസർഷിപ്പ് വാങ്ങാനുള്ള തീരുമാനത്തെയും അൻസിബ ശക്തമായി എതിർത്തിരുന്നു. നാളിതുവരെ ‘അമ്മ’ മതപരമായോ രാഷ്ട്രീയപരമായോ ഉള്ള ഇടങ്ങളിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും, കലാകാരന്മാരുടെ സംഘടനയിൽ മത-രാഷ്ട്രീയ ചിഹ്നങ്ങൾ വരുന്നത് ശരിയല്ലെന്ന ചിന്തയുമാണ് തന്നെ അതിന് പ്രേരിപ്പിച്ചതെന്നും അൻസിബ വ്യക്തമാക്കി. ഈ നിലപാടിന്റെ പേരിലാണ് തന്നെ ചിലർ വർഗീയവാദിയാക്കാൻ ശ്രമിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

സംഘടനയുടെ നേതൃത്വത്തിലേക്ക് സ്ത്രീകൾ വന്നപ്പോൾ വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നുപോലും നടപ്പിലായില്ലെന്ന് അൻസിബ കുറ്റപ്പെടുത്തി. അതിജീവിത ഉൾപ്പെടെ സംഘടനയിൽ നിന്ന് തെറ്റിപ്പിരിഞ്ഞുപോയവരെ തിരിച്ചുകൊണ്ടുവരുമെന്ന് തിരഞ്ഞെടുക്കപ്പെട്ട ഉടൻ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീടുള്ള ഒരു കമ്മിറ്റിയിൽ പോലും ഈ വിഷയം ചർച്ച ചെയ്തില്ല. അംഗങ്ങളിൽ ചിലർക്ക് അതിഷ്ടമല്ലാത്തതിനാലാണ് ആ നടപടി വേണ്ടെന്ന് വെച്ചതെന്ന് പിന്നീട് പ്രസിഡന്റ് തന്നോട് പറഞ്ഞതായും, എന്നാൽ ആർക്കാണ് ഇതിൽ എതിർപ്പുള്ളതെന്ന് വെളിപ്പെടുത്താൻ പ്രസിഡന്റ് തയ്യാറായിട്ടില്ലെന്നും അൻസിബ ഹസൻ അഭിമുഖത്തിൽ വ്യക്തമാക്കി.

Related Articles

Back to top button