മുഖ്യമന്ത്രിയെ കാണാന്‍ പോയത് എക്സൈസ് മോഡണൈസേഷനുമായി ബന്ധപ്പെട്ട്; ആരോപണങ്ങളിൽ പ്രതികരിച്ച് എം ലിജു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കുന്ന വിഷയത്തില്‍ മലക്കം മറിഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ച് എക്സൈസ് മന്ത്രി എം ലിജു. വീര്യം കുറഞ്ഞ മദ്യനയത്തില്‍ മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും വ്യക്തമാക്കിയതാണെന്നാണ് എം ലിജുവിന്റെ പ്രതികരണം. മദ്യനയ നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൊണ്ട് വന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും പഴങ്ങളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാന്‍ ആണ് എല്‍ഡിഎഫ് നിയമം കൊണ്ട് വന്നതെന്നും എം ലിജു പറഞ്ഞു.
യുഡിഎഫ് ഇത് വില്‍ക്കാമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വീര്യം കുറഞ്ഞ മദ്യം വിൽക്കണോ വേണ്ടയോ എന്നത് മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ചിട്ടില്ലെന്നും മന്ത്രി എം ലിജു പറഞ്ഞു.



