സ്വത്തുതർക്കം; കഴുത്തിന് പിടിച്ചു തള്ളിയതോടെ പിതാവ് നിലത്തുവീണു മരിച്ചു; മകൻ റിമാൻഡിൽ

തിരുവനന്തപുരത്ത് കുടുംബ സ്വത്ത് വിൽപനയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പിതാവിനെ കഴുത്തിന് പിടിച്ചു തള്ളി കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. കോവളം വെള്ളാർ പറമ്പിൽ പുത്തൻ വീട്ടിൽ എ. സുരേന്ദ്രൻ (64) മരിച്ച സംഭവത്തിൽ മകൻ രാജീവിനെ (42) പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജൂൺ 22-ന് ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബ സ്വത്ത് വിൽക്കുന്നതുമായി ബന്ധപ്പെട്ട് സുരേന്ദ്രനും മകൻ രാജീവും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടാവുകയും, പ്രകോപിതനായ രാജീവ് പിതാവിന്റെ കഴുത്തിന് പിടിച്ചു തള്ളുകയുമായിരുന്നു. തറയിൽ വീണ സുരേന്ദ്രന് തൊട്ടുപിന്നാലെ ഹൃദയാഘാതമുണ്ടായതായി പോലീസ് അറിയിച്ചു.
നഖപ്പാടുകൾ വഴിത്തിരിവായി
ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന സുരേന്ദ്രന്റെ കഴുത്തിലുണ്ടായ കടുത്ത ബലപ്രയോഗമാണ് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമായത്. ആദ്യഘട്ടത്തിൽ സ്വാഭാവിക മരണമെന്ന രീതിയിലാണ് കരുതിയതെങ്കിലും, ഇൻക്വസ്റ്റ് നടപടികൾക്കിടെ സുരേന്ദ്രന്റെ കഴുത്തിൽ കണ്ടെത്തിയ നഖപ്പാടുകളാണ് പോലീസിന് സംശയമുണ്ടാക്കിയത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ക്രൂരതയുടെ ചുരുളഴിയുന്നതും മകൻ രാജീവിലേക്ക് അന്വേഷണം എത്തുന്നതും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



