ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കേന്ദ്ര നീക്കത്തിൽ നിന്ന് പിന്മാറണം… സി.പി.ഐ(എം)

തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെയും കൃഷിഭൂമിയെയും പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്. ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ പൂർണ്ണമായും മറ്റ് ജില്ലകളിലെ 92 വില്ലേജുകളെ ഭാഗികമായും പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ന്യായമായ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ദ്ധ സമിതി തള്ളിയ സാഹചര്യത്തിലാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്.

വിഷയത്തിൽ കേന്ദ്ര സർക്കാർ അനങ്ങാപ്പാറ നയം ഉപേക്ഷിക്കണമെന്നും മലയോര ജനതയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്ന നീക്കങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും പാർട്ടി ആവശ്യപ്പെട്ടു. മലയോര ജനതയുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ട് വനമേഖലയെ മാത്രം പരിസ്ഥിതി ലോല പരിധിയിൽ നിർത്താനാണ് എൽ.ഡി.എഫ് സർക്കാർ ശ്രമിച്ചതെന്ന് സിപിഎം ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടർ ചെയർമാനായി വനം വകുപ്പിലെ അടക്കം വിദഗ്ദ്ധരെ ഉൾപ്പെടുത്തി ജില്ലാതല സ്ക്രൂട്ടിണി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി വിശദമായ പഠനം നടത്തുകയും കർഷകരുടെ അഭിപ്രായങ്ങൾ മാനിക്കുകയും ചെയ്ത ശേഷമാണ് കേന്ദ്രത്തിന് ശുപാർശ സമർപ്പിച്ചത്. ജനവാസ കേന്ദ്രങ്ങളും തോട്ടങ്ങളും ഉൾപ്പെടെയുള്ള 123 വില്ലേജുകളിലെ 4,548 ചതുരശ്ര കിലോമീറ്റർ ഭൂമി ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ ഈ നിർദ്ദേശത്തിന്മേൽ ആവശ്യമായ ഒരു ഫീൽഡ് സർവേ പോലും നടത്താതെയാണ് കേന്ദ്ര സമിതി ഇത് തള്ളിക്കളഞ്ഞത്. കസ്തൂരിരംഗൻ സമിതി ശുപാർശയിൽ സംസ്ഥാനങ്ങളുമായി സമവായമുണ്ടാക്കാൻ നിയോഗിക്കപ്പെട്ട സമിതി തന്നെ ഇത്തരത്തിൽ ഏകപക്ഷീയമായ തീരുമാനമെടുക്കുന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

കേന്ദ്രത്തിന്റെ ഈ അന്തിമ വിജ്ഞാപനം നിലവിൽ വന്നാൽ അത് കേരളത്തിലെ 45 ലക്ഷത്തോളം വരുന്ന മലയോര ജനതയെ നേരിട്ട് ബാധിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങൾ പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കപ്പെട്ടാൽ നിലവിലുള്ള നിരവധി സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ, വീടുകൾ, ആരാധനാലയങ്ങൾ എന്നിവ പൊളിച്ചുനീക്കേണ്ടി വരും. പുതിയ നിർമ്മാണങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും പൂർണ്ണ നിരോധനമുണ്ടാകും. തലമുറകളായി മണ്ണിൽ കൃഷി ചെയ്ത് ജീവിക്കുന്ന ജനങ്ങളുടെ സുഗമമായ ജീവിതം ഉറപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്. വനവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. മലയോര ജനതയ്ക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരുമെന്നും അതിന് സി.പി.ഐ(എം) നേതൃത്വം നൽകുമെന്നും പാർട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Related Articles

Back to top button