മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
അഞ്ചുതെങ്ങ് സ്വദേശി പ്രവീൻ തോമസാണ് (37) മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം. മത്സ്യത്തൊഴിലാളികളാണ് ഇന്നലെ രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. മുതലപ്പൊഴി താഴംപള്ളി ലേലഹാളിന് സമീപത്തെ കായലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം 5:30 ഓടെയായിരുന്നു അപകടം. ആന്റണി അൽഫോൺസിന്റെ വള്ളത്തിൽ നിന്നാണ് പ്രവിൻ കായലിൽ വീണത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അഴിമുഖം കടന്ന് കായലിൽ പ്രവേശിക്കുമ്പോൾ അപസ്മാരം ഉണ്ടാകുകയും തുടർന്ന് കായലിലേക്ക് വീഴുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
അതേസമയം, അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, പുല്ലുവിള സ്വദേശി ജോൺ മത്യാസ്, താഴംപള്ളി കായലിൽ കാണാതായ പ്രവിൻ എന്നിവർക്കായുള്ള തിരച്ചിൽ തുടരും. തീരസംരക്ഷണസേന, മറൈൻ എൻഫോസ്മെന്റ്, കോസ്റ്റൽ പൊലീസ്, സ്കൂബ സംഘം എന്നിവരാകും വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുക.
കാണാതായവരെ കണ്ടെത്താൻ എല്ലാവിധ സർക്കാർ പിന്തുണയും വാഗ്ധാനം ചെയ്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ എന്നിവർ കഴിഞ്ഞ ദിവസം തീരമേഖലയിൽ സന്ദർശനം നടത്തിയിരുന്നു. തിരച്ചിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും.
അതേസമയം, മുതലപ്പൊഴിയിൽ അപകടത്തിൽപെട്ട് കാണാതായ അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് ഷെക്കേന ഭവനിൽ ഷിജിനെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കണമെന്ന ആവശ്യവുമായി കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിൽ തുടക്കത്തിൽ വീഴ്ചയുണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്.



