മുൻവൈരാഗ്യത്തെത്തുടർന്ന് യുവാവിന് നേരെ ആസിഡ് ആക്രമണം… ഒളിവിൽ പോയ പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് മാത്തൂരിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അതിവേഗം പിടികൂടി. മാത്തൂർ കരിയങ്കോട് ആനിക്കോട് സ്വദേശി ചേരിങ്കൽ വീട്ടിൽ രമേശിനെയാണ് (49) കോട്ടായി പോലീസ് സംഘം കോയമ്പത്തൂരിൽ വെച്ച് സാഹസികമായി പിടികൂടിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാത്തൂർ സ്വദേശി ചേരിങ്കൽ വീട്ടിൽ സതീഷ് കുമാർ (43) നിലവിൽ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. കഴിഞ്ഞ ഞായറാഴ്ച കോട്ടായി ആനിക്കോട് വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ ക്രൂരമായ സംഭവം നടന്നത്.
പരിക്കേറ്റ സതീഷ് കുമാറും പ്രതിയായ രമേശിന്റെ സഹോദരൻ രതീഷും അടുത്ത സുഹൃത്തുക്കളാണ്. രതീഷ് നിലവിൽ അസുഖബാധിതനായി കിടപ്പിലാണ്. സുഹൃത്തിന് എല്ലാവിധ സഹായങ്ങളും നൽകി ഒപ്പം നിന്നിരുന്നത് സതീഷായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രതീഷിനെ വീട്ടിലെത്തി കണ്ട് സതീഷ് കുമാർ തിരികെ മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് പ്രതിയായ രമേശ് റബ്ബർ കൃഷിക്കായി കരുതിയിരുന്ന ആസിഡുമായി എത്തി സതീഷിന്റെ ദേഹത്തേക്ക് ഒഴിച്ചത്. ആക്രമണത്തിൽ സതീഷ് കുമാറിന്റെ മുതുകിലും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റു. മുൻപ് ഇവരുടെ കുടുംബത്തിലുണ്ടായ തർക്കങ്ങളിൽ സതീഷ് കുമാർ ഇടപെടുകയും പ്രതിയായ രമേശിനെതിരെ പോലീസിൽ ഔദ്യോഗികമായി പരാതി നൽകാൻ സഹായിക്കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യമാണ് ക്രൂരമായ ആസിഡ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ പ്രതിയായ രമേശ് നാട്ടിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നുകളയുകയായിരുന്നു. കോട്ടായി പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലും മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലുമാണ് പ്രതി തമിഴ്നാട്ടിലെ കോയമ്പത്തൂരിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടൺന്ന് പോലീസ് സംഘം അവിടെയെത്തി ഇന്നലെ രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് പാലക്കാട്ടേക്ക് എത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് കോട്ടായി പോലീസ് അറിയിച്ചു.



