ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ… കോൺഗ്രസ് അംഗത്തിന്റെ പ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിന് സമാനമായി, പാലക്കാട് ജില്ലയിലെ കോൺഗ്രസ് ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി. പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗമായ സുനിലിന്റെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അസാധുവാക്കിയത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ പേര് ഉൾപ്പെടുത്തി സത്യവാചകം ചൊല്ലിയതിനെത്തുടർന്നാണ് കോടതിയുടെ ഈ നിർണ്ണായക നടപടി.
നേരത്തെ ദൈവനാമത്തിലോ സഗൗരവമോ അല്ലാതെ, ബലിദാനികളുടെ ഉൾപ്പെടെ പേരിൽ സത്യവാചകം ചൊല്ലിയ തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനോട് അനുബന്ധിച്ച് തന്നെയാണ് വടക്കഞ്ചേരി പന്നിയങ്കര 21-ാം വാർഡ് മെമ്പർ സുനിൽ ചുവറ്റുപാടത്തിന്റെ സത്യപ്രതിജ്ഞയും കോടതി അസാധുവാക്കിയത്. ‘ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നു’ എന്നായിരുന്നു സുനിൽ അന്ന് പ്രതിജ്ഞാ സമയത്ത് ചൊല്ലിയിരുന്നത്. ഭരണഘടനാ വിരുദ്ധമായ രീതിയിലാണ് സത്യപ്രതിജ്ഞ നടന്നതെന്ന് കാണിച്ച് വടക്കഞ്ചേരി പഞ്ചായത്തിലെ തന്നെ മറ്റൊരു വാർഡ് മെമ്പർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച് നാലാഴ്ചയ്ക്കുള്ളിൽ നിയമപ്രകാരമുള്ള കൃത്യമായ സത്യവാചകം ഉപയോഗിച്ച് ഇവർ പുതുതായി സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ ബിജെപി കൗൺസിലർമാരുടെ കാര്യത്തിലെന്ന പോലെ, പുതുതായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ ഇവർക്ക് കൗൺസിലർ അല്ലെങ്കിൽ മെമ്പർ എന്ന നിലയിലുള്ള ഔദ്യോഗിക പ്രവർത്തനങ്ങൾ നടത്തുന്നതിനോ യോഗങ്ങളിൽ പങ്കെടുക്കുന്നതിനോ അനുമതി ഉണ്ടായിരിക്കില്ല. അതേസമയം, മുൻസിപ്പൽ ആക്ട് 531-ാം വകുപ്പ് പ്രകാരം ഇവർ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇതുവരെ ഒപ്പുവെച്ചതോ ചെയ്തിട്ടുള്ളതോ ആയ വികസന കാര്യങ്ങൾക്കും തീരുമാനങ്ങൾക്കും നിയമപരമായ സംരക്ഷണം ഉണ്ടായിരിക്കുമെന്നും ഹൈക്കോടതി വിധിന്യായത്തിന്റെ അവസാനഭാഗത്ത് വ്യക്തമാക്കിയിട്ടുണ്ട്.



