നയാപൈസയുടെ നികുതി ഭാരമില്ലാതെ ഖജനാവ് നിറയ്ക്കും… ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നു… മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ ബജറ്റുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സ്വകാര്യവൽക്കരണ ആരോപണങ്ങളെ പൂർണ്ണമായും തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ. സംസ്ഥാനത്ത് ഒരു പൊതുമേഖലാ സ്ഥാപനവും സ്വകാര്യവൽക്കരിക്കുകയോ അടച്ചുപൂട്ടുകയോ ഇല്ലെന്ന് ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് മറുപടി നൽകവേ മുഖ്യമന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. ബജറ്റിൽ ഇല്ലാത്ത കാര്യങ്ങളാണ് പുറത്ത് ബോധപൂർവ്വം ചർച്ചയാക്കുന്നതെന്നും കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാൻ പോകുകയാണെന്ന് താൻ എവിടെയാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു. സഭയിൽ ബജറ്റ് പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ വീണ്ടും വായിച്ചുകേൾപ്പിച്ചായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകിയത്.
കേരളത്തിന് കൃത്യമായ ദിശാബോധം നൽകുന്ന ബജറ്റാണ് പ്രഖ്യാപിച്ചതെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സർക്കാരിന് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി മാറിവെക്കേണ്ടി വരികയാണ്. ബാക്കി 23 ശതമാനം തുക മാത്രമാണ് വികസന പ്രവർത്തനങ്ങൾക്കുള്ളത്. എങ്കിൽപ്പോലും ജനങ്ങളുടെ തലയിൽ അധിക നികുതി ഭാരം കെട്ടിവെക്കാതെ, സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഖജനാവ് നിറയ്ക്കാൻ ഈ സർക്കാരിന് കഴിയും. കെഎസ്ആർടിസിയെയും സപ്ലൈകോയെയും അടച്ചുപൂട്ടാതെ സ്വയംപര്യാപ്തമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഉമ്മൻചാണ്ടിയുടെ കാലത്ത് കെഎസ്ഇബി ലാഭത്തിലായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടികളുടെ നഷ്ടമാണുണ്ടായതെന്നും ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി, വൈദ്യുതി ചാർജ് കൂട്ടി പാവപ്പെട്ടവരെ ദ്രോഹിക്കാതെ തന്നെ കെഎസ്ഇബിയെ ലാഭത്തിലാക്കുമെന്നും ഉറപ്പുനൽകി. മുൻ സർക്കാർ വരുത്തിവെച്ച 17,175 കോടി രൂപയുടെ പെൻഷൻ കമ്പനി കടവും കഴിഞ്ഞ 16 മാസത്തെ ബാധ്യതയും തീർക്കേണ്ടത് ഈ സർക്കാരിന്റെ തലയിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ സഭയിൽ കടുത്ത വാക്പോര് നടന്നു. പദ്ധതി മരവിപ്പിക്കാൻ വേണ്ടിയാണോ കഴിഞ്ഞ സർക്കാർ കരാറിൽ ഒപ്പുവെച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചതോടെയാണ് തർക്കം തുടങ്ങിയത്. എന്നാൽ, കഴിഞ്ഞ സർക്കാർ മറ്റ് ചില കേന്ദ്ര ഫണ്ടുകൾ ലഭ്യമാക്കാൻ വേണ്ടിയാണ് കരാറിൽ ഒപ്പുവെച്ചതെന്നും എന്നാൽ പിന്നീട് ആ ശ്രമം ശരിയല്ലെന്ന് കണ്ട് നയപരമായ തീരുമാനത്തിലൂടെ പദ്ധതി വേണ്ടെന്ന് വെച്ച് പിന്നോട്ട് പോകുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറുപടി നൽകി. കഴിഞ്ഞ സർക്കാർ വേണ്ടെന്ന് വെച്ച പദ്ധതി ഇപ്പോൾ ഈ സർക്കാർ വീണ്ടും നടപ്പാക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നും പിണറായി വിജയൻ ചോദിച്ചു.
ഇതിന് മറുപടിയായി, പദ്ധതി നടപ്പിലാക്കാൻ താല്പര്യമില്ലായിരുന്നുവെങ്കിൽ അത് കേന്ദ്രത്തെ കൃത്യമായി അറിയിക്കാമായിരുന്നില്ലേ എന്നും, ആർഎസ്എസിന്റെ മുന്നിൽ കീഴടങ്ങിയാണ് കഴിഞ്ഞ സർക്കാർ കരാറിൽ ഒപ്പുവെച്ചതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. പിഎം ശ്രീ പദ്ധതി ഈ സർക്കാർ നടപ്പിലാക്കുമെന്ന് ബജറ്റിൽ എവിടെയും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ വ്യക്തമാക്കി.



