സ്‌കൂളുകളിൽ മുട്ടയ്ക്ക് പകരം പനീറും സോയാബീനും?

സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നൽകുന്ന ഉച്ചഭക്ഷണ മെനുവിൽ നിന്ന് കോഴിമുട്ടയ്ക്ക് പകരം പനീർ, സോയാബീൻ എന്നിവ ഉൾപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് പശ്ചിമബംഗാളിൽ രാഷ്ട്രീയ വിവാദം പുകയുന്നു. ഈ നീക്കം കുട്ടികളുടെ പോഷകാഹാര ലഭ്യത കുറയ്ക്കുമെന്ന് ആരോപിച്ച് പ്രതിപക്ഷം ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രംഗത്തെത്തി.
കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള സ്‌കൂളുകളിൽ ഉച്ചഭക്ഷണം പാകം ചെയ്ത് നൽകാനുള്ള ചുമതല ‘ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്’ (ഇസ്‌കോൺ – ISKCON) എന്ന സംഘടനയെ ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. തിങ്കളാഴ്ച നടന്ന ബജറ്റ് പ്രസംഗത്തിനിടെ സംസ്ഥാന ധനമന്ത്രി സ്വപൻ ദാസ്ഗുപ്തയാണ് ഈ പ്രഖ്യാപനം നടത്തിയത്.
പ്രൈമറി സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനുള്ള ചെലവ് ഒരു വിദ്യാർഥിക്ക് 6.78 രൂപ എന്നതിൽ നിന്ന് 10 രൂപയായി ഉയർത്തുമെന്നും കൊൽക്കത്ത കോർപ്പറേഷൻ പരിധിയിലെ സ്‌കൂളുകളിൽ പാകം ചെയ്ത ഭക്ഷണം നൽകാൻ ഇസ്‌കോണിനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സസ്യാഹാരം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ കുറ്റപ്പെടുത്തി.




