‘ആർഎസ്എസ് അജണ്ട നടപ്പാക്കണോ?’…. പിഎം ശ്രീയിൽ പി പ്രസാദ്, ‘എൽഡിഎഫ് കേന്ദ്രത്തിന്റെ ട്രാപ്പിൽ വീണു’ എന്ന് വിദ്യാഭ്യാസ മന്ത്രി…

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കടുത്ത വാക്പോര്. പദ്ധതിക്കെതിരെ പ്രതിപക്ഷം (എൽഡിഎഫ്) അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതോടെയാണ് സഭ പ്രക്ഷുബ്ധമായത്. സിപിഐ എംഎൽഎ പി. പ്രസാദാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ, നിലവിലെ യുഡിഎഫ് സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പദ്ധതിയുമായി ബന്ധപ്പെട്ടതെല്ലാം ചെയ്തത് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സഭയിൽ തിരിച്ചടിച്ചു.

പുതിയ സർക്കാർ പദ്ധതിയിൽ തുടർനടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിന്റെ ജാള്യത മറയ്ക്കാനാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്. 2024 മാർച്ച് 30-ന് അന്നത്തെ സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്തിൽ കരാർ റദ്ദാക്കണമെന്ന് പറയുന്നില്ല. പദ്ധതി നടപ്പാക്കാൻ സദ്ധമാണെന്ന് അറിയിച്ച് അഷ്വറൻസ് ലെറ്റർ നൽകിയതും, 2025 ഒക്ടോബർ 16-ന് ഇരുട്ടിന്റെ മറവിൽ ധാരണാപത്രം (MoU) ഒപ്പിട്ടതും കഴിഞ്ഞ എൽഡിഎഫ് സർക്കാരാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന്റെ അവകാശങ്ങൾ ബലികഴിച്ചാണ് കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചത്. ഒപ്പിട്ട് പ്രതിസന്ധിയിലാക്കിയത് നിങ്ങളാണ്. ഈ കരാർ റദ്ദാക്കാൻ കേന്ദ്രസർക്കാരിന് മാത്രമേ കഴിയൂ. ആശങ്കകൾ ചർച്ച ചെയ്യാനാണ് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്. സംഘപരിവാർ അജണ്ടകൾക്ക് ഈ സർക്കാർ കീഴടങ്ങില്ല, സംസ്ഥാന താല്പര്യം സംരക്ഷിച്ചേ തീരുമാനം എടുക്കൂ, മന്ത്രി ഷംസുദ്ദീൻ പറഞ്ഞു. തൃശൂർ സീറ്റ് ബിജെപിക്ക് വിട്ടുകൊടുത്തത് അടക്കമുള്ള രാഷ്ട്രീയ ആരോപണങ്ങളും ഇപി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും പരാമർശിച്ചാണ് മന്ത്രി എൽഡിഎഫിനെ പ്രതിരോധത്തിലാക്കിയത്.

ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസത്തിന്റെ കൂട്ടക്കൊലയാണെന്ന് സോണിയ ഗാന്ധി തന്നെ പറഞ്ഞിട്ടുള്ളതാണെന്ന് പി. പ്രസാദ് ചൂണ്ടിക്കാട്ടി. ആർഎസ്എസിന്റെ ‘പെറ്റ് പ്രോജക്ട്’ ആയ ഈ പദ്ധതി കേരളത്തിൽ നടപ്പിലാക്കില്ലെന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ 2026 മെയ് 8-ന് സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് സർക്കാർ മരവിപ്പിച്ച പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് പ്രസാദ് ആരോപിച്ചു. എൻസിഇആർടി വെട്ടിമാറ്റിയ ഗാന്ധിവധം അടക്കം പഠിപ്പിച്ച് ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ബദൽ മാർഗ്ഗം സ്വീകരിച്ചവരാണ് എൽഡിഎഫ് എന്നും, നിയമപ്രാബല്യമില്ലാത്ത എംഒയുവിന്റെ പേരിൽ സർക്കാർ ആരുടെ അംബാസിഡർ ആകാനാണ് ശ്രമിക്കുന്നതെന്നും പ്രസാദ് ചോദിച്ചു. പദ്ധതി നടപ്പിലാക്കില്ലെന്ന് പറയാൻ മുസ്‌ലിം ലീഗ് പ്രതിനിധി കൂടിയായ വിദ്യാഭ്യാസ മന്ത്രിക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും അദ്ദേഹം നിയമസഭയിൽ ചോദിച്ചു.

Related Articles

Back to top button