ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ സംഭവം… ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം: നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി നടപടി ഭരണസമിതിക്ക് തിരിച്ചടിയല്ലെന്ന് മേയർ വി വി രാജേഷ്. കോടതി വിധി കൗൺസിലർമാർ പൂർണ്ണമായും അനുസരിക്കുമെന്നും അടുത്ത സത്യപ്രതിജ്ഞ എപ്പോൾ നടത്താനും ബിജെപി സജ്ജമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ബിജെപി കൗൺസിലർമാർ നടത്തിയത് നഗ്നമായ നിയമലംഘനമാണെന്ന് പരാതിക്കാരനായ സിപിഐഎം നേതാവ് എസ് പി ദീപക് ആരോപിച്ചു.
ഹൈക്കോടതിയിൽ നിന്നുണ്ടായത് തിരിച്ചടിയല്ലെന്നും ഒരു നിരീക്ഷണം നടത്തി വിധി പറഞ്ഞിരിക്കുകയാണെന്നും മേയർ വി വി രാജേഷ് പ്രതികരിച്ചു. മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മറ്റു പല ദൈവങ്ങളുടെ പേരിലും പലരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് പലരും ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും ഞങ്ങൾ പരാതിയുമായി പോയിട്ടില്ല. കോടതി വിധികളെ എപ്പോഴും അനുസരിക്കുന്നവരാണ് ഞങ്ങൾ. അതിന് മാനസികമായി തയ്യാറെടുത്തിട്ടുണ്ട്. ബഹുമാനപ്പെട്ട ഹൈക്കോടതി 24 മണിക്കൂറിനകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് പറഞ്ഞാലും ഞങ്ങൾക്കത് അനുസരിക്കാൻ ബുദ്ധിമുട്ടില്ല. ഭരണസമിതി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും, എന്ന് വി വി രാജേഷ് വ്യക്തമാക്കി.
അതേസമയം, കൗൺസിലർമാർ ഉയർത്തിപ്പിടിക്കേണ്ട മതനിരപേക്ഷത തുടക്കത്തിൽ തന്നെ ബിജെപി ലംഘിച്ചുവെന്ന് സിപിഐഎം നേതാവ് എസ് പി ദീപക് ആരോപിച്ചു. ആർഎസ്എസിന്റെ നേതൃത്വത്തിൽ ഗണഗീതം പാടിക്കൊണ്ടാണ് അന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തവും വിശ്വാസവും ഓരോരുത്തരുടെയും സ്വകാര്യതയാണ്. പക്ഷേ അത് മാറ്റിവെച്ചുകൊണ്ട് ജാതിയും മതവും രാഷ്ട്രീയത്തിനുവേണ്ടി ബിജെപി ഉപയോഗിച്ചു. 20 ദൈവങ്ങളുടെ പേര് പറഞ്ഞായിരുന്നു അന്ന് അവർ സത്യപ്രതിജ്ഞ ചെയ്തത്. ഇത് വ്യക്തമായ നിയമലംഘനമാണ്. കഴിഞ്ഞ ആറുമാസമായി ആർഎസ്എസിന്റെ ഒരു കാര്യാലയമായാണ് തിരുവനന്തപുരം നഗരസഭയുടെ ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്, – ദീപക് മാധ്യമങ്ങളോട് പറഞ്ഞു.




