അവധിദിനത്തിലെ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ്; രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

ബിജെപി നേതാവ് ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും വിവേചനപരവുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആരോപിച്ചു. സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് അവധി ദിവസം നോക്കി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത നടപടി തികച്ചും അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകളിൽനിന്നും തീരദേശമേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളിൽനിന്നും ശ്രദ്ധതിരിക്കാനാണ് ഈ അറസ്റ്റ് നാടകം. കേരളത്തിലെ മതമൗലികവാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്.

ടി.ജി. മോഹൻദാസ് നടത്തിയ പരാമർശങ്ങൾ സ്വാഗതാർഹമല്ല. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവെച്ചു കൊല്ലുമെന്നടക്കം ഭീഷണി മുഴക്കിയ നിരവധി പേരാണ് കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ സംരക്ഷണയിൽ നിയമനടപടികളിൽനിന്ന് രക്ഷനേടി കഴിയുന്നത്. ഇത്തരക്കാർക്കെതിരെ നിരവധി പരാതികൾ പോലീസിൽ നൽകിയിട്ടും പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞവരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്.

ഫിഷറീസ് വകുപ്പ് പിടിച്ചുവാങ്ങി ഭരിക്കുന്ന മുസ്ലിംലീഗ്, മുതലപ്പൊഴിയിലും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായപ്പോൾ നടപടികൾ എടുക്കാത്ത ഗൗരവകരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ആയതിനാൽ മണ്ണിടിച്ചിലിലും പ്രളയത്തിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെപോലും കാണാതെ മടങ്ങുന്ന ലീഗ് മന്ത്രിമാർ കേരള സമൂഹത്തിന് നൽകുന്ന സന്ദേശം ഭീതിജനകമാണ്. മതവർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മുസ്ലിംലീഗ് മന്ത്രിമാരും ലീഗ് നേതൃത്വവും വന്ദേമാതര വിഷയത്തിലും വി.ഡി സവർക്കർ വിഷയത്തിലും പ്രസ്താവനകൾ നടത്തി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും അഡ്വ. എസ്. സുരേഷ് കുറ്റപ്പെടുത്തി.

Related Articles

Back to top button