അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്…ജീവനക്കാര്‍ക്കെതിരെ നടപടി…

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാതട്ടിപ്പില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. 40 ജീവനക്കാരെ വഴിപാടുകള്‍ എണ്ണുന്ന ചുമതലയില്‍ നിന്ന് മാറ്റി. സംഭാവനകള്‍ തിട്ടപ്പെടുത്തുന്ന വിഭാഗത്തില്‍ സുരക്ഷ ശക്തമാക്കി. ഇതിനോടകം നൂറിലധികം പേരെ എസ്ഐടി ചോദ്യം ചെയ്തു. പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. അതേസമയം, ട്രസ്റ്റ് പിരിച്ചുവിടണമെന്ന ആവശ്യവുമായി കര്‍സേവകരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഇതിനിടെ, തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. പൊതു താത്പര്യം സംരക്ഷിക്കുന്നതിനും, ഭക്തരുടെ വിശ്വാസം നിലനിര്‍ത്തുന്നതിനും ഓഡിറ്റ് മേല്‍നോട്ട സംവിധാനങ്ങള്‍ രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതിന് യുപി സര്‍ക്കാരിനും ക്ഷേത്ര ട്രസ്റ്റിനും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സമയബന്ധിതമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.



