കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തുടരാം… പ്രിയദർശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി തുടരാമെന്ന് ഹൈക്കോടതി. പദ്ധതി അടിയന്തരമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വിധി പറയാനായി ഇന്നത്തേക്ക് മാറ്റിവെച്ചിരുന്ന ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ നിർണായക ഉത്തരവ്.

പദ്ധതി കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. എന്നാൽ, തിരഞ്ഞെടുപ്പ് വേളയിൽ സർക്കാർ നൽകിയ വാക്ക് പാലിച്ചതിൽ എന്താണ് തെറ്റെന്നും, ജനക്ഷേമകരമായ ഒരു പദ്ധതി നിർത്തിവെക്കാൻ കോടതിക്ക് എങ്ങനെ പറയാനാകുമെന്നും കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. ശാസ്ത്രീയമായ പഠനങ്ങളോ സാമ്പത്തിക ആഘാത വിലയിരുത്തലുകളോ നടത്താതെയാണ് പദ്ധതി നടപ്പാക്കിയത്. പൊതുജനാഭിപ്രായം രൂപീകരിക്കാതെ നടപ്പിലാക്കിയ ഈ പദ്ധതി വഴി പ്രതിവർഷം 800 കോടി രൂപയുടെ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിനുണ്ടാകും. സ്ത്രീകളെയും പുരുഷന്മാരെയും ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ്.

പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഈ പദ്ധതി റദ്ദാക്കണമെന്നും കേസിൽ അന്തിമ തീരുമാനം വരുന്നത് വരെ സ്റ്റേ ചെയ്യണമെന്നുമുള്ള ഹർജിക്കാരന്റെ ആവശ്യങ്ങൾ കോടതി പൂർണ്ണമായും തള്ളി. ഇതോടെ യാതൊരു തടസ്സങ്ങളുമില്ലാതെ കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാം.

Related Articles

Back to top button