അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ സംഭാവന തട്ടിപ്പ്…. ബിജെപിക്കെതിരെഅരവിന്ദ് കെജ്രിവാൾ

അയോധ്യ രാമക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച കോടിക്കണക്കിന് രൂപയും വെള്ളിക്കട്ടികളും കാണാതായ സംഭവത്തിൽ ബിജെപി സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ. കോടിക്കണക്കിന് രൂപയുടെ സംഭാവന മോഷ്ടിക്കപ്പെട്ടിട്ടും ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും ഇതിലൂടെ ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും കെജ്രിവാൾ ചോദിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയും വീഡിയോ സന്ദേശത്തിലൂടെയുമാണ് കെജ്രിവാൾ ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്.
“കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസകേന്ദ്രമാണ് രാമക്ഷേത്രം. അവിടെനിന്ന് കോടികളുടെ സംഭാവന മോഷ്ടിക്കപ്പെട്ടിട്ടും കേന്ദ്രത്തിലോ സംസ്ഥാനത്തോ ഉള്ള ബിജെപി സർക്കാരുകൾ യാതൊരുവിധ റെയ്ഡോ അറസ്റ്റോ നടത്തിയിട്ടില്ല. ഈ പാപത്തിൽ പങ്കാളികളായവർ എത്ര ഉന്നതരാണെങ്കിലും അവരെ ജയിലിലടയ്ക്കണം. ഇതിൽ പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ട്, നടപടിയുണ്ടായാൽ സർക്കാർ തന്നെ വീണുപോയേക്കാം. സർക്കാരാണോ അതോ കോടിക്കണക്കിന് ആളുകളുടെ വിശ്വാസമാണോ സംരക്ഷിക്കപ്പെടേണ്ടത്?” – കെജ്രിവാൾ ചോദിച്ചു.
അതിനിടെ, സംഭവത്തിൽ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ക്ഷേത്രത്തിൽ കാണിക്ക എണ്ണി തിട്ടപ്പെടുത്തുന്ന അഞ്ച് ജീവനക്കാരെ എസ്ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഏകദേശം 200 കോടിയോളം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് എസ്ഐടിയുടെ പ്രാഥമിക നിഗമനം. വൻ അഴിമതിയുടെ പശ്ചാത്തലത്തിൽ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിട്ടേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത അടിയന്തര യോഗത്തിൽ നിന്ന് ട്രസ്റ്റ് ഭാരവാഹി ചമ്പത് റായിയെ മാറ്റി നിർത്തിയത് വലിയ ചർച്ചയായിരുന്നു.
ശ്രീരാമ ജന്മഭൂമി മന്ദിർ ട്രസ്റ്റിന്റെ തന്നെ അഭ്യർത്ഥനപ്രകാരമാണ് ഉത്തർ പ്രദേശ് സർക്കാർ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചത്. വിഷയത്തിൽ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകളിൽനിന്ന് പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യർത്ഥിച്ചു. കൃത്യമായ അന്വേഷണ റിപ്പോർട്ടിനായി 15 ദിവസം കാത്തിരിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.



