ഇല്ലിക്കൽ കല്ലിൽ നിയന്ത്രണങ്ങൾ ലംഘിച്ച് യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം… കയറിയ ശേഷം താഴെയിറങ്ങാനാകാതെ….

കോട്ടയം: പ്രമുഖ ടൂറിസം കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ സുരക്ഷാ നിയന്ത്രണങ്ങൾ പൂർണ്ണമായും ലംഘിച്ച് യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം. ഞായറാഴ്ച രാവിലെ ആറരയോടെയാണ് രണ്ട് യുവാക്കൾ ഇല്ലിക്കൽ കല്ലിന് മുകളിൽ കയറി സഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയത്. അപകടസാധ്യത കണക്കിലെടുത്ത് നിലവിൽ ഇല്ലിക്കൽ കല്ലിന് മുകളിൽ കയറുന്നതിന് അധികൃതർ കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ സുരക്ഷാ നിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി കല്ലിന്റെ പുറകുവശത്തുകൂടി അനുമതിയില്ലാതെ ട്രക്കിങ് നടത്തിയാണ് യുവാക്കൾ മുകളിലെത്തിയത്.
ഞായറാഴ്ച രാവിലെ ആറരയോടെയാണ് രണ്ട് യുവാക്കൾ ഇല്ലിക്കൽകല്ലിന് മുകളിൽ കയറിയത്. നിലവിൽ കല്ലിന് മുകളിൽ കയറുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടെങ്കിലും പുറകുവശത്തുകൂടി അനുമതിയില്ലാതെ ട്രക്കിങ് നടത്തിയാണ് ഇവർ മുകളിലെത്തിയത്. സമീപത്തുണ്ടായിരുന്ന മറ്റ് സഞ്ചാരികളാണ് യുവാക്കളുടെ ചിത്രം പകർത്തിയത്. പാറയ്ക്ക് മുകളിൽ കയറിയ യുവാക്കൾ പിന്നീട് താഴേക്ക് ഇറങ്ങാൻ കഴിയാതെ പരിഭ്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. മുകളിൽ കയറാൻ ശ്രമിച്ച ഒരു സഞ്ചാരിക്ക് പാറയുടെ മുകളിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവം നിലനിൽക്കെയാണ് വീണ്ടും സമാനമായ രീതിയിൽ സുരക്ഷാവേലി ചാടിക്കടന്ന് യുവാക്കൾ അപകടം ക്ഷണിച്ചുവരുത്തിയത്. ഈ വഴിയിലൂടെയുള്ള നിയമവിരുദ്ധമായ യാത്രകൾ പൂർണ്ണമായും നിരോധിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ അധികൃതർ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.



