‘ആ പരിപാടി നിർത്തിക്കോ’…. ഓൺലൈൻ ഫുഡ് ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ആലപ്പുഴ: സംസ്ഥാനത്ത് ഓൺലൈൻ ഡെലിവറി സംവിധാനങ്ങളുടെ മറവിൽ നടക്കുന്ന ലഹരിവിൽപ്പനയ്‌ക്കെതിരെ കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഡെലിവറി ജീവനക്കാരെ ഉപയോഗിച്ച് ലഹരി കടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ പരിപാടി ഉടനടി നിർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലഹരി കേസുകളിൽ ഇടപെടുന്ന ഉദ്യോഗസ്ഥർ ആരുടെയും ശിപാർശ കേൾക്കരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.

ആംബുലൻസുകൾ ലഹരി കടത്തിന് ഉപയോഗിക്കുന്നു എന്ന പരാതി ഉയർന്ന സാഹചര്യത്തിൽ അവയും കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാൻ’ വഴി ലഹരിക്കടത്തുകാർക്കെതിരെ പഴുതടച്ച നടപടി. ആംബുലൻസുകളിലും ഡെലിവറി ബോയ്‌സിലും കർശന നിരീക്ഷണം. ബജറ്റിൽ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ വെറുമൊരു രൂപരേഖ മാത്രമാണ്. സ്വകാര്യ പങ്കാളിത്തം, കരിമണൽ ഖനനം എന്നിവയിൽ കൂട്ടായ ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കൂ. വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിൽ അഴിമതിയില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാകാം സർക്കാർ മുന്നോട്ട് പോകുന്നത്. പുതിയ മദ്യനയം മന്ത്രിസഭയിൽ ചർച്ച ചെയ്യും.

ഹരിപ്പാട് മെഡിക്കൽ കോളേജ് പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിൽ തന്നെ യാഥാർഥ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു. മുൻപ് പി.പി.പി മാതൃകയിലാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്. ആലപ്പുഴയിലെ ജനങ്ങൾക്ക് നിലവിൽ വണ്ടാനം മെഡിക്കൽ കോളേജിലെ അമിത തിരക്ക് കാരണം ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്. ഹരിപ്പാട് മെഡിക്കൽ കോളേജ് വരുന്നതിനെ ജി. സുധാകരൻ എതിർക്കുന്നുണ്ടെങ്കിലും വണ്ടാനത്തെ ദുർബലപ്പെടുത്താൻ താനില്ലെന്നും അടുത്ത വർഷം കുട്ടികൾക്ക് പ്രവേശനം നൽകാൻ തക്കവിധം നിർമാണം ഉടൻ ആരംഭിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. പുതിയ കെപിസിസി പ്രസിഡന്റിനെ കോൺഗ്രസ് ഹൈക്കമാൻഡ് ആണ് തീരുമാനിക്കുകയെന്നും നിലവിൽ മുഴുവൻ സമയ പ്രസിഡന്റ് ഉണ്ടെന്നും രാഷ്ട്രീയ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങൾ നേരിടുന്ന പ്രതിസന്ധിയും മന്ത്രി ചൂണ്ടിക്കാട്ടി. കയർ മേഖലയ്ക്കായി നിലവിൽ 157 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ മേഖലയിൽ വലിയ പരിഷ്കരണങ്ങൾ ആവശ്യമാണ്. തൊഴിലാളികളുടെ ശമ്പള വർധന ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് വ്യവസായത്തെ ശക്തമാക്കുമെന്നും ഇതിനായി ജൂലൈ നാലിന് കയറ്റുമതിക്കാരുമായി യോഗം ചേരുമെന്നും ആഭ്യന്തര മന്ത്രി ആലപ്പുഴയിൽ കൂട്ടിച്ചേർത്തു.

Related Articles

Back to top button