‘ഞാൻ മരിച്ചെന്ന് കരുതി റീത്തുമായി വന്നു, കൊന്ന് പൈസയുണ്ടാക്കി തിന്നാൽ ദഹിക്കില്ല’

മലയാളികൾക്ക് സുപരിചിതയാണ് കൊളപ്പുള്ളി ലീല. മലയാളത്തിൽ മാത്രമല്ല തമിഴിലും കുളപ്പുള്ളി ലീല സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നാടക വേദിയിൽ നിന്നും സിനിമയിലേക്കും ടെലിവിഷനിലേക്കുമെല്ലാം എത്തിയ താരം. ഇന്നും ചുറുചുറുക്കോടെ സെറ്റിൽ നിന്നും സെറ്റിലേക്ക് സഞ്ചരിക്കുകയാണ് കുളപ്പുള്ളി ലീല.
എന്നാൽ അടുത്തിടെയായി കുളപ്പുള്ളി ലീല മരിച്ചതായി വ്യാജ വാർത്ത പ്രചരിച്ചിരുന്നു. തന്റെ മരണ വാർത്തകൾക്കെതിരെ കുളപ്പുള്ളി ലീല തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഒരു അഭിമുഖത്തിലാണ് കുളപ്പുള്ളി ലീലയുടെ പ്രതികരണം.
ആ വാക്കുകളിലേക്ക്:
”ഞാൻ മരിച്ചോ എന്നറിയാൻ ഒരുപാട് പേർ എന്നെ വിളിച്ച് ചോദിച്ചിട്ടുണ്ട്. ഞാൻ മരിക്കാഞ്ഞിട്ട് ആർക്കാണ് ഈ ബുദ്ധിമുട്ട്. ആദ്യത്തെ തവണ എനിക്ക് റീത്തും കൊണ്ടു വന്നു. ഞങ്ങളുടെ അവിടെയുള്ള അമ്പലത്തിലെ പൂജാരിയും അദ്ദേഹത്തിന്റെ ഭാര്യ, അവർ നർത്തകിയാണ്, ഞാൻ മരിച്ചുവെന്ന് ഫോണിൽ ആദരാഞ്ജലി പോസ്റ്റുകൾ കണ്ടു. അവർ കാണാം എന്ന് കരുതി വന്നപ്പോൾ ഫ്ളക്സ് കാണാനില്ല. കോഴിക്കോട് കൊണ്ടു പോയിക്കാണും, കഷ്ടമായി കാണാൻ പറ്റിയില്ലല്ലോ എന്ന് പറഞ്ഞു.
ഈ സമയം ഞാൻ ഫോണിൽ ഞാൻ മരിച്ചിട്ടില്ല, ഞാൻ മരിച്ചിട്ടില്ല എന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ്. നാല് വീട് അപ്പുറം എത്തുമ്പോഴേക്കും അവർ കേട്ടു. ഭർത്താവ് ഭാര്യയോട്, എടി നീ കരയണ്ട അമ്മ മരിച്ചിട്ടില്ലെന്ന് പറഞ്ഞു. നടന്ന കാര്യമാണ്. വീടിന്റെ അടുത്ത് വന്ന് നോക്കിയതാണ്. എന്റെ ശബ്ദം അവർ കേട്ടു.
ഏറ്റവും സങ്കടമുണ്ടായത്, ഈ ഫോൺ വിളിക്കുന്നതൊക്കെ എന്റെ അമ്മ കേൾക്കുന്നുണ്ടായിരുന്നു. അമ്മ എന്റെ ലീലയ്ക്ക് എന്താ പറ്റിയത്? അപ്പോൾ ഈ ഇരിക്കുന്നത് എന്റെ ലീലയല്ലേ? എന്ന് ചോദിച്ചു. യൂട്യൂബുകാരാണ് ഇത് ഇത്രയും വളർത്തിയത്. കാരണം അവർക്ക് പൈസ കിട്ടും. എനിക്ക് അവരോട് ഒറ്റ കാര്യമേ പറയാനുള്ളൂ. ഒരാളെ കൊന്ന് പൈസയുണ്ടാക്കിയാൽ നിങ്ങൾക്ക് ദഹിക്കില്ല കെട്ടോ. ദൈവത്തെയോർത്ത് എന്നെ ഇനിയും കൊല്ലരുത്. കുറച്ച്നാൾ കൂടി ജീവിച്ചിരിക്കണമെന്നുണ്ട്.
തിരുവനന്തപുരത്ത് താമസിക്കുകയാണ്. ഒരാൾ വിളിച്ചു. കൊളപ്പുള്ളി ലീലയാണോ എന്ന് ചോദിച്ചു. അതെ എന്ന് ഞാൻ പറഞ്ഞു. വന്നാൽ കാണാൻ പറ്റുമോ എന്ന് ചോദിച്ചു. വന്നോളൂ, ഞാൻ വീട്ടിൽ കാണുമെന്ന് പറഞ്ഞു. എന്തോ കൺട്രോളറോട് എന്റെ നമ്പർ ചോദിച്ചു. അവർ പറഞ്ഞത് എന്തോ രോഗം വന്ന് കിടപ്പിലാണെന്നാണ് പറഞ്ഞത്. അങ്ങനെയാണെങ്കിൽ ഒന്ന് കാണണം എന്നു പറഞ്ഞാണ് വിളിച്ചത്. അവർ വന്നു. എന്നെ കണ്ടതും, അവന്റെ ചെകിട്ടത്ത് ഒന്ന് കൊടുക്കണം എന്ന് പറഞ്ഞു. എന്താമോനെ പറ്റിയതെന്ന് ചോദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. എനിക്ക് അറിയില്ല, എന്തിനാണ് എനിക്ക് ഇത്രയും പാര വരുന്നതെന്ന്”.




