ലക്ഷദ്വീപ് മദ്യനയത്തിനെതിരെ പ്രതിഷേധം ശക്തം; എക്സൈസ് റഗുലേഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ചു

ലക്ഷദ്വീപ് ഭരണകൂടം പുതുതായി നടപ്പിലാക്കാൻ ഒരുങ്ങുന്ന ‘ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026’ പൂർണമായും പിൻവലിക്കണമെന്ന ആവശ്യവുമായി ദ്വീപ് നിവാസികളും വിവിധ സംഘടനകളും രംഗത്ത്. വിവാദ ഉത്തരവിൽ നിന്ന് ഭരണകൂടം പിന്തിരിയണമെന്നും ദ്വീപിലെ മദ്യനിരോധനം ശക്തമായി നിലനിർത്തണമെന്നും ആവശ്യപ്പെട്ട് കവരത്തി ഖാളി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം സമർപ്പിച്ചു.

തദ്ദേശവാസികളുടെ തനത് ഗോത്ര സംസ്കാരവും സമാധാനാന്തരീക്ഷവും പരിസ്ഥിതിയും സംരക്ഷിക്കാൻ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ച സമയത്ത് തന്നെ ദ്വീപ് നിവാസികളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ശക്തമായ എതിർപ്പുകളും ആക്ഷേപങ്ങളും ഉയർന്നിരുന്നു. എന്നാൽ, ഇവയൊന്നും പരിഗണിക്കാതെയോ പൊതുജനങ്ങളുമായോ ജനപ്രതിനിധികളുമായോ യാതൊരുവിധ ചർച്ചകൾ നടത്താതെയോ ആണ് ഭരണകൂടം റഗുലേഷൻ അന്തിമമാക്കിയതെന്ന് നിവേദനത്തിൽ കുറ്റപ്പെടുത്തുന്നു.

നിലവിൽ ലക്ഷദ്വീപിൽ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ-വില്ലേജ് പഞ്ചായത്തുകൾ നിലവിലില്ലാത്ത സാഹചര്യത്തിൽ, ജനങ്ങളുടെ സാമൂഹിക ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കും മുൻപ് വിപുലമായ കൂടിയാലോചനകൾ നടത്തേണ്ടതായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related Articles

Back to top button