പിഎം ശ്രീ പദ്ധതി…. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട്… എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ഉപസമിതി വിശദമായി പരിശോധിക്കുമെന്നും, സ്വന്തമായി പാഠ്യപദ്ധതി രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാന സർക്കാരിനുണ്ടോ എന്ന് വ്യക്തത വരുത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള പ്രതിസന്ധികൾക്കെല്ലാം കാരണം കഴിഞ്ഞ എൽഡിഎഫ് സർക്കാരാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഇരുട്ടിലാക്കിയാണ് കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചത്. ഒപ്പിട്ട് നാലാമത്തെ ദിവസം തന്നെ എസ്എസ്കെയുടെ ഫണ്ട് അനുവദിച്ചതായും, പിടിച്ചുവെച്ച ഫണ്ട് റിലീസ് ചെയ്ത് തന്നത് ഇതിന്റെ പേരിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ ഒരിക്കലും ആർഎസ്എസ് വിധേയത്വം കാണിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, രാജ്യത്തുടനീളം സംഘപരിവാർ ഭീകരതയ്ക്കെതിരെ പോരാടുന്നത് കോൺഗ്രസാണെന്നും കൂട്ടിച്ചേർത്തു. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ യുഡിഎഫ് മുന്നണിക്കുള്ളിലും വലിയ വിയോജിപ്പുകൾ ഉയരുന്നുണ്ട്. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സമസ്ത എ.പി വിഭാഗത്തിന്റെ മുഖപത്രമായ ‘സിറാജ്’ ഇന്ന് കടുത്ത ഭാഷയിൽ എഡിറ്റോറിയൽ എഴുതിയിരുന്നു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ പൈതൃകത്തെയും മതേതര താൽപ്പര്യങ്ങളെയും തകർക്കുന്നതാണ് ഈ തീരുമാനമെന്നും, തിരഞ്ഞെടുപ്പ് കാലത്ത് കാവിവൽക്കരണത്തിനെതിരെ സംസാരിച്ചവർ അധികാരത്തിലെത്തിയപ്പോൾ നയങ്ങൾക്ക് കീഴടങ്ങുന്നത് നീതികേടാണെന്നും പത്രം വിമർശിച്ചു.ഇതിനുപുറമേ, പിഎം ശ്രീ പദ്ധതിയിൽ പഴയ നിലപാട് മാറ്റരുതെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി മന്ത്രിസഭാ ഉപസമിതിക്ക് കത്തയച്ചിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും സർക്കാരിന്റെ നിലപാടിനോട് വിയോജിച്ച് രംഗത്തെത്തിയതോടെ, ഭരണപക്ഷ വിദ്യാർത്ഥി-യുവജന സംഘടനകളുടെ എതിർപ്പ് മറികടക്കുക എന്നതും സർക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.



