യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്നും കണ്ടെടുത്തത് വെടിയുണ്ടയും കല്ലും തടിക്കഷണവും; ഭർത്താവിനെ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തെന്ന് പരാതി

യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ബിഹാറിലെ ബെഗുസാരായിലാണ് സംഭവം. ജൂൺ 11-ന് ചാകിയ പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്താണ് സംഭവം നടന്നത്. കേസിലെ പ്രതികൾ ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
രാത്രി 11.30ഓടെ താൻ ശുചിമുറിയിലേക്ക് പോയ സമയത്താണ് സംഘം വീട്ടിൽ കയറിയത് എന്നാണ് യുവതി പരാതിയിൽ പറയുന്നത്. തുടർന്ന് ഭർത്താവിനെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷം യുവതിയെ ആക്രമിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് വെടിയുണ്ട, കല്ല്, തടിക്കഷണം എന്നിവ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
പ്രതികളെ കണ്ടെത്തുന്നതിനായി വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു.



