പരവൂർ കോടതി എപിപി അനീഷ്യയുടെ ആത്മഹത്യാ കേസ്… പ്രധാന പ്രതി ശ്യാംകൃഷ്ണയ്ക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടതിന് തൊട്ടുപിന്നാലെ, കേസിലെ പ്രധാന പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം നൽകി സർക്കാർ ഉത്തരവ്. കേസിലെ രണ്ടാം പ്രതിയും അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ കെ.ആർ. ശ്യാംകൃഷ്ണയ്ക്കാണ് നിലവിൽ ജോലി ചെയ്തിരുന്ന വയനാട്ടിൽ നിന്നും സ്വന്തം നാട്ടിലെ ആറ്റിങ്ങൽ കോടതിയിലേക്ക് സ്ഥലംമാറ്റം അനുവദിച്ച് നൽകിയിരിക്കുന്നത്.
അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് അനീഷ്യയുടെ കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് സന്ദർശിച്ച് പരാതി നൽകിയിരുന്നു. കുടുംബത്തിൻ്റെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പ്രതിക്ക് അനുകൂലമായ ഈ സ്ഥലംമാറ്റ ഉത്തരവ് പുറത്തുവന്നിരിക്കുന്നത് എന്നത് വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയാണ്. കഴിഞ്ഞ 2024 ജനുവരി 21-നാണ് എപിപി അനീഷ്യയെ പരവൂരിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനമാണ് അനീഷ്യയുടെ മരണത്തിന് കാരണമെന്ന് കുടുംബം തുടക്കം മുതലേ ആരോപിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ, സഹപ്രവർത്തകരുടെ നിരന്തരമായ മാനസിക പീഡനം മൂലമാണ് അനീഷ്യ ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തി ക്രൈം ബ്രാഞ്ച് ഔദ്യോഗികമായി കേസെടുക്കുകയായിരുന്നു. കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുൾ ജലീൽ, പ്രോസിക്യൂട്ടറായ ശ്യാം കൃഷ്ണ എന്നിവരാണ് ഈ കേസിലെ പ്രധാന പ്രതികൾ. അനീഷ്യയ്ക്കെതിരെ പ്രതികൾ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് നിരന്തരമായി മോശം പ്രചാരണങ്ങൾ നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.
ഔദ്യോഗിക മീറ്റിംഗുകളിൽ വെച്ച് മേലുദ്യോഗസ്ഥരും പ്രതികളും തന്നെ വ്യക്തിപരമായി നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി അനീഷ്യ തൻ്റെ ആത്മഹത്യാക്കുറിപ്പിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. കൂടാതെ, അനീഷ്യ മരിക്കുന്നതിന് തൊട്ടുതലേദിവസം പ്രതിയായ ശ്യാം കൃഷ്ണ തൻ്റെ ഐഫോൺ ഉപയോഗിച്ച് അനീഷ്യയുടെ ഓഫീസ് മുറി അടഞ്ഞു കിടക്കുന്നതിൻ്റെ ചിത്രങ്ങളും അപകീർത്തികരമായ ശബ്ദ സന്ദേശങ്ങളും മറ്റ് ചിലർക്ക് അയച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിലെ നിർണ്ണായക തൊണ്ടിമുതലായ ഈ ഫോണിൽ നിന്നും പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഫോൺ നിലവിൽ വിപുലമായ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേസിലെ പ്രധാന പ്രതിക്ക് അനുകൂലമായ രീതിയിൽ സർക്കാർ തലത്തിൽ സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് അനീഷ്യയുടെ കുടുംബത്തിൻ്റെ തീരുമാനം.



