ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ ജീവതയിലെ തിരുവാഭരണ തിരുമറി… നിജസ്ഥിതി പൊതു സമൂഹത്തെ അറിയിക്കണം….

മാവേലിക്കര- ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ ഭഗവതിയുടെ ജീവതയിലെ തിരുവാഭരണത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി തിരുവിതാംകൂർ ദേവസ്വം ബോർഡ് പൊതു സമൂഹത്തെ അറിയിക്കണമെന്ന് ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റ് വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 
കഴിഞ്ഞദിവസം വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ തിരുവാഭരണ പുനർനിർമ്മാണ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് ക്ഷേത്ര അവകാശികളായ 13 കരകളുടെ ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റിനെ നേരിട്ട് അറിയിച്ചിരുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണെന്ന് ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ചൂണ്ടിക്കാട്ടി. കൺവെൻഷനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ പൊതുസമൂഹത്തിന് മുമ്പാകെ പ്രസിദ്ധീകരിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. അതല്ലെങ്കിൽ തെറ്റായ വിവരം നൽകിയതിന് പൊതുസമൂഹത്തോടും 13 കരകളോടും തിരുവിതാംകൂർ ദേവസ്വം ബോർഡ് മാപ്പ് പറയണമെന്നും വാർത്താ സമ്മേളനത്തിൽ കൺവെൻഷൻ ആവശ്യപ്പെട്ടു.

1962ലാണ് മുമ്പ്  ജീവിത പുതുക്കി നിർമ്മിച്ചിരുന്നത്. കേടുപാടുകൾ ഉണ്ടായതിനുശേഷം 2024 ലാണ് ജീവിത വീണ്ടും പുതുക്കി നിർമ്മിച്ചത്. അതിൽ മഹാരാജാവ് നൽകിയ സ്വർണ്ണം, രത്നം എന്നിവയെ സംബന്ധിച്ച് ഒരു വിവരവും ദേവസ്വം റെക്കോർഡുകളിലോ നാൾവഴികളിലും ഇല്ല.  ഇത് സംബന്ധിച്ച് വിജിലൻസ് എസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അന്വേഷണം പൂർത്തീകരിച്ചിട്ടുള്ളതാണ്. ഇതിന്റെ റിപ്പോർട്ട് ഉടൻതന്നെ ദേവസ്വം ബോർഡിന് കൈമാറും എന്നുള്ള വിവരവും കൺവെൻഷന് ലഭിച്ചിട്ടുണ്ട്. ഈ തീരുമാനപ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, ദേവസ്വം കമ്മീഷണർ, ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണർ, മാവേലിക്കര അസിസ്റ്റന്റ് കമ്മീഷണർ, ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, തിരുവാഭരണ കമ്മീഷണർ എന്നിവർക്ക് ട്രസ്റ്റ് രേഖാമൂലം നിവേദനം നൽകി. കൂടാതെ  ഹൈക്കോടതിയുടെ ദേവസ്വം ബോർഡ് ഓംബുഡ്സ്മാനും പരാതി സമർപ്പിച്ചു. ഓംബുഡ്സ്മാൻ ജൂലൈ 23ന് രേഖകളുമായും ഹാജരാകാൻ ദേവസ്വം സെക്രട്ടറിയോടും കമ്മീഷണറോടും നിർദ്ദേശിച്ചിട്ടുണ്ട്.   

2023-24 ആട്ടവിശേഷ കാലഘട്ടത്തിൽ  ധനുമാസഭരണി എഴുന്നള്ളത്തിന് മുമ്പ് പുതിയ ജീവിത സമർപ്പിക്കും എന്ന വാർത്ത 
മാധ്യമങ്ങളിലൂടെ ആണ് കൺവെൻഷൻ അറിഞ്ഞതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതേത്തുടർന്ന് കൺവെൻഷൻ ജീവിത പരിശോധിക്കുകയും 13 കരകളെ അവഗണിച്ചുകൊണ്ട് നടപടികൾ മുന്നോട്ടു പോകുന്നതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.  ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷനെതിരെ ദേവസ്വം ബോർഡ്  ഹൈക്കോടതിയിൽ നിയമനടപടി നടത്തിയിരുന്ന ഈ കാലയളവിൽ കൺവെൻഷനെ അറിയിക്കാതെയാണ് തിരുവാഭരണ പുനർനിർമാണം നടത്തിയത്. അന്ന് ദേവസ്വം ബോർഡിന്റെ ചുമതലയിൽ ഉണ്ടായിരുന്ന ദേവസ്വം ബോർഡ് അംഗം അജികുമാർ, ഡെപ്യൂട്ടി കമ്മീഷണർ ദിലീപ്, അസിസ്റ്റന്റ് കമ്മീഷണർ ആശ, എന്നിവർക്ക് തന്നെയാണ് ഈ വിഷയത്തിൽ മറുപടി പറയാനുള്ള ബാധ്യത എന്നും കൺവെൻഷൻ ട്രസ്റ്റ് പറഞ്ഞു. തിരുവാഭരണ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ ക്രമക്കേടോ അഴിമതിയോ നടന്നിട്ടുണ്ടെങ്കിൽ അതിന്റെ സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെങ്കിൽ പൊതുസമൂഹത്തിൽ തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ചരിത്രപരമായ രേഖകളും തിരുവാഭരണവുമായി ബന്ധപ്പെട്ട വിവരങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൈവശമാണ്. അതിനാൽ യഥാർത്ഥ വിവരങ്ങൾ പൊതുസമൂഹത്തെ അറിയിക്കേണ്ട ഉത്തരവാദിത്വം ബോർഡിനാണ്. സത്യാവസ്ഥ ഭക്തജനങ്ങളെയും 13 കരകളെയും അറിയിക്കാൻ ദേവസ്വം ബോർഡ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റ് ആവശ്യപ്പെട്ടു.

Related Articles

Back to top button