വീട്ടിൽ അതിക്രമിച്ച് കയറി മോഷണം…ഗൃഹനാഥനെ വിവസ്ത്രനാക്കി ചിത്രമെടുത്തു….3 പേർ പിടിയിൽ…

എരുമപ്പെട്ടി വേലൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ കത്തികാണിച്ചു ഭീഷണിപ്പെടുത്തു കയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതികളെ പൊലീസ് പിടികൂടി. വടക്കാഞ്ചേരി തെക്കുംകര അച്ചിങ്ങല്‍ വീട്ടിലെ കൃഷ്ണാ ദേവ് (18), തെക്കുംകര അരിയാംപറമ്പില്‍ യാദവ് കൃഷ്ണ (18) ഇരട്ടകുളങ്ങര മുതുപറമ്പില്‍ വിഷ്ണു പി നായര്‍ (20) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് പിടികൂടിയത്. വേലൂര്‍ ചിറ്റാരം ജിജുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജൂണ്‍ 16 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാക്കള്‍ കത്തി കാണിച്ച് ജിജുവിനെ ഭീഷണിപ്പെടുത്തുകയും, മര്‍ദ്ദിക്കുകയും പണം ആവശ്യപ്പെടുകയും ആയിരുന്നു. പണം കയ്യിലില്ലെന്ന് പറഞ്ഞ ജിജുവിനെ നിർബന്ധിച്ച് ഫോണ്‍ ലോക്ക് തുറപ്പിച്ച് ഗൂഗിള്‍ പേ വഴി 5000 രൂപ കൈവശപ്പെടുത്തുകയും തുടര്‍ന്ന് ജിജുവിന്റെ മേശയില്‍ ഉണ്ടായിരുന്ന 2500 രൂപയും കഴുത്തില്‍ അണിഞ്ഞിരുന്ന ഒരു പവന്റെ സ്വര്‍ണമാലയും ഇവര്‍ കൈവശപ്പെടുത്തുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നു.

സംഭവം നടക്കുമ്പോള്‍ ജിജു മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. മോഷണ വിവരം പുറത്തു പറയാതിരിക്കാന്‍ ഇയാളെ വിവസ്ത്രനാക്കി മൊബൈലില്‍ ഫോട്ടോ പകര്‍ത്തുകയും ചെയ്തു. മാത്രമല്ല കത്തി ഉപയോഗിച്ച് ഇയാളുടെ ശരീരത്തില്‍ പലയിടങ്ങളിലായി മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Related Articles

Back to top button