‘എൽഡിഎഫ് അന്ന് ഒപ്പിട്ടത് എസ്എസ്കെ ഫണ്ട് പ്രതിസന്ധി കാരണം, തൊട്ടുപിന്നാലെ മരവിപ്പിച്ചു’…. പിണറായി വിജയൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീ പദ്ധതിയെ അംഗീകരിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ നിലവിൽ പിഎം ശ്രീയുടെ ഭാഗമാണെന്നും ഒരു കോൺഗ്രസ് സർക്കാർ പോലും ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതിയ സർക്കാർ പദ്ധതിയിൽ വ്യക്തമായ നയപരമായ തീരുമാനമെടുക്കണം. മുൻപ് എൽഡിഎഫ് സർക്കാർ ഒപ്പിട്ടു എന്നതുമാത്രം പറഞ്ഞ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത് ശരിയല്ല. യുഡിഎഫ് സർക്കാരിനെ പെട്ടെന്ന് ഇത്തരമൊരു നയംമാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്ന് വ്യക്തമാക്കണമെന്നും പദ്ധതി നടപ്പിലാക്കുന്നതിന്റെ ഉദ്ദേശശുദ്ധി യുഡിഎഫ് ജനങ്ങളോട് വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എൽഡിഎഫ് സർക്കാർ ഒപ്പിട്ടതുകൊണ്ട് ഈ ധാരണാപത്രവുമായി മുന്നോട്ട് പോകൽ മാത്രമേ രക്ഷയുള്ളൂ എന്ന യുഡിഎഫിന്റെ വാദം തെറ്റാണെന്ന് പിണറായി വിജയൻ പറഞ്ഞു.
കേന്ദ്ര സർക്കാർ എസ്എസ്കെ ഫണ്ട് പിടിച്ചുവെച്ചത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ വരിഞ്ഞുമുറുക്കുന്ന സാഹചര്യമുണ്ടായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ പണം ചെലവിടുന്നതിന് ഇത് വലിയ തടസ്സമായി മാറി. ഈ കടുത്ത പ്രതിസന്ധി താൽക്കാലികമായി ഒഴിവാക്കുന്നതിന് വേണ്ടിയാണ് അന്ന് എൽഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടത്. എന്നാൽ, തൊട്ടുപിന്നാലെ ഒരു മാസത്തിനകം തന്നെ എൽഡിഎഫ് സർക്കാർ ഈ ധാരണാപത്രം മരവിപ്പിച്ചു. നവംബർ 12-ന് ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു. കേന്ദ്രത്തിൽ നിന്ന് എന്തെങ്കിലും പ്രത്യേക അറിയിപ്പ് ഇപ്പോൾ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.



