‘ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ’: സംസ്ഥാനവ്യാപക റെയ്ഡിൽ 4 റേഷൻ ലൈസൻസികൾ പിടിയിൽ; 18.22 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു

സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയിലെ വൻ ക്രമക്കേടുകളും അഴിമതിയും വെളിച്ചത്തുകൊണ്ടുവന്ന് വിജിലൻസിൻ്റെ മിന്നൽ പരിശോധന. ‘പ്രൊജക്ട് സീറോ’ പദ്ധതിയുടെ ഭാഗമായി ‘ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. കരാറുകാരെന്ന വ്യാജേന വേഷംമാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർക്ക് റേഷൻ സാധനങ്ങൾ മറിച്ചുവിൽക്കാൻ ശ്രമിച്ച 4 ലൈസൻസികളെ കയ്യോടെ പിടികൂടി. റെയ്ഡിൽ ആകെ 18.22 ലക്ഷം രൂപയുടെ അനധികൃത പണമിടപാടുകളും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

14 എൻഎഫ്എസ്എ ഗോഡൗണുകളിലും തെരെഞ്ഞെടുത്ത 54 റേഷൻ കടകളിലുമാണ് വിജിലൻസ് സംഘം ഒരേസമയം ഇന്നലെ പരിശോധന നടത്തിയത്. കരാറുകാർ എന്ന വ്യാജേനയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർക്ക് റേഷൻകട ലൈസൻസികൾ ഭക്ഷ്യ വസ്തുക്കൾ മറിച്ച് വിൽക്കാൻ തയ്യാറായി. നാല് ലൈസൻസികളെയാണ് വേഷം മാറിച്ചെന്ന ഉദ്യോഗസ്ഥർ കൈയോടെ പിടികൂടിയത്. റെയ്ഡിൽ മിക്ക സ്ഥലത്തും സ്റ്റോക്കും രേഖകളും തമ്മിൽ വലിയ വ്യത്യാസം കണ്ടെത്തി. പതിനെട്ട് ലക്ഷം രൂപയുടെ ഗൂഗിൾപേ വഴിയുള്ള അനധികൃത സാമ്പത്തിക ഇടപാടുകളും വിജിലൻസ് പിടികൂടി. ഉപഭോക്താക്കളുടെ പേരിൽ വ്യാജ ബില്ല് തയ്യാറാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ വില്പന നടത്തുന്നുവെന്ന കണ്ടെത്തലുമുണ്ട്.

കൂടാതെ വാതിൽപ്പടി വിതരണത്തിനുള്ള വാഹനങ്ങളിൽ ജിപിഎസ് പ്രവർത്തനരഹിതമായതും ജിപിഎസ് ഘടിപ്പിച്ചവ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളാണ് വിതരത്തിന് ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. അഞ്ച് റേഷൻകട ലൈസൻസിളും നാല് എൻഎഫ്എസ്എ ഗോഡൗൺ ഉദ്യോഗസ്ഥരും നടത്തിയ സാമ്പത്തിക ഇടപാടുകളും കയ്യോടെ പിടികൂടി. പാലക്കാട് മരുതൂരിൽ എൻഎഫ്എസ്എ ഗോഡൗൺ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥൻ 12 ലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയതായും കൊല്ലത്ത് റേഷൻ കട ലൈസൻസിക്ക് 3 ലക്ഷംരൂപ ലഭിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലൈസൻസികൾ, കരാറുകാർ, ഇടനിലക്കാർ എന്നിവർക്കെതിരെ വരും ദിവസങ്ങളിൽ തുടർനടപടികൾ സ്വീകരിക്കാനാണ് വിജിലൻസ് നീക്കം.

Related Articles

Back to top button