‘ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ’: റേഷൻ കടകളിലും ഗോഡൗണുകളിലും വ്യാപക അഴിമതി…. 4 ലൈസൻസികൾ കസ്റ്റഡിയിൽ, 18 ലക്ഷത്തിന്റെ ക്രമക്കേട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കാനായി രൂപീകരിച്ച ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ ഭാഗമായി വിജിലൻസ് നടത്തിയ ‘ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ’ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. റേഷൻ ഗോഡൗണുകളിലും റേഷൻ കടകളിലും ഒരേസമയം നടത്തിയ റെയ്ഡിൽ റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് മറിച്ച് വിൽക്കാൻ ശ്രമിച്ച നാല് ലൈസൻസികളെ വിജിലൻസ് സംഘം കയ്യോടെ പിടികൂടി. കരാറുകാർ എന്ന വ്യാജേന വേഷം മാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർക്ക് റേഷൻ സാധനങ്ങൾ കരിഞ്ചന്തയിൽ വിൽക്കാൻ ഈ വ്യാപാരികൾ തയാറാവുകയായിരുന്നു. സംസ്ഥാനത്തെ 14 എൻഎഫ്എസ്എ ഗോഡൗണുകളിലും തിരഞ്ഞെടുത്ത 54 റേഷൻ കടകളിലുമാണ് വിജിലൻസ് ഒരേസമയം പരിശോധന നടത്തിയത്.
പരിശോധനയിൽ മിക്ക കേന്ദ്രങ്ങളിലും സ്റ്റോക്കിൽ വലിയ രീതിയിലുള്ള കൃത്രിമത്വം കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക രേഖകളിലെ കണക്കും ഗോഡൗണുകളിലെ യഥാർത്ഥ സ്റ്റോക്കും തമ്മിൽ വലിയ വ്യത്യാസമാണ് നിലനിൽക്കുന്നത്. ഉപഭോക്താക്കളുടെ പേരിൽ വ്യാജ ബില്ലുകൾ തയാറാക്കി, അവർക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിലേക്ക് മറിച്ചുവിറ്റതായി കണ്ടെത്തി. റെയ്ഡിൽ ഏകദേശം 18 ലക്ഷം രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾ വിജിലൻസ് പിടിച്ചെടുത്തു. വാതിൽപ്പടി വിതരണത്തിനുള്ള സർക്കാർ വാഹനങ്ങളിലെ ജിപിഎസ് സംവിധാനങ്ങൾ മനഃപൂർവ്വം പ്രവർത്തനരഹിതമാക്കിയ നിലയിലാണ്. റേഷൻ സാധനങ്ങൾ കടത്താനായി ജിപിഎസ് ഉള്ള വാഹനങ്ങൾ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളാണ് വിതരണത്തിന് ഉപയോഗിക്കുന്നതെന്നും വിജിലൻസ് കണ്ടെത്തി. സംസ്ഥാനവ്യാപകമായി നടന്ന ഈ പരിശോധനയുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്നാണ് വിജിലൻസ് നൽകുന്ന സൂചന.



