നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണം… വനിതാ ശിശുവികസന വകുപ്പിനെ കക്ഷിചേർത്ത് ഹൈക്കോടതി…. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസുകാരൻ അർഷിദിന്റെ ക്രൂരമായ കൊലപാതകത്തിൽ ഹൈക്കോടതി സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ചു. കുഞ്ഞിനെ ക്രൂര പീഡനത്തിന് ഇരയാക്കുന്നതായി അമ്മൂമ്മ വിളിച്ചറിയിച്ചിട്ടും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സർക്കാരും സമയബന്ധിതമായി നടപടിയെടുക്കാതിരുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. കേസിൽ വനിതാ ശിശുവികസന വകുപ്പിനെ കക്ഷിചേർത്ത ഹൈക്കോടതി, ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും കർശന നിർദ്ദേശം നൽകി.

കുഞ്ഞിന്റെ അമ്മൂമ്മ റീന (അമ്മ അഖിലയുടെ മാതാവ്) ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ സമീപിച്ച് നിസ്സഹായാവസ്ഥ വിവരിക്കുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മേയ് 3-നാണ് കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞതിന് പിന്നാലെ റീന ഹെൽപ്പ്‌ലൈനിലേക്ക് വിളിക്കുന്നത്. എന്നാൽ ‘മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാകും’ എന്ന നിരുത്തരവാദപരമായ മറുപടിയാണ് ഹെൽപ്പ്‌ലൈനിൽ നിന്ന് ലഭിച്ചത്. ഈ വിളി വന്ന് 26-ാം ദിവസമാണ് കുഞ്ഞ് ക്രൂരമായി കൊലചെയ്യപ്പെടുന്നത്. വീഴ്ച വരുത്തിയ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ താൽക്കാലിക ജീവനക്കാരനെതിരെ മന്ത്രി ബിന്ദു കൃഷ്ണ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു.കുഞ്ഞിന്റെ ശരീരത്തിൽ ചെറുതും വലുതുമായ 91 മുറിവുകൾ ഉണ്ടായിരുന്നു. ഇതിൽ പകുതിയും പഴയ പരിക്കുകളാണ്. നെഞ്ചിനേറ്റ കടുത്ത ക്ഷതമാണ് മരണകാരണം. ശരീരത്തിൽ പൊള്ളലേറ്റതും അടിയേറ്റതുമായ പാടുകളുമുണ്ട്.

മേയ് 29-നാണ് നെടുമങ്ങാട് ചോറ് കഴിക്കുന്നതിനിടെ ഛർദിച്ചുവെന്ന് പറഞ്ഞ് അർഷിദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് കുഞ്ഞ് മരണപ്പെടുകയായിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. രണ്ടാനച്ഛനായ അഷ്‌കർ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും, കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞ് ബോധരഹിതനാവുകയായിരുന്നു. അഷ്‌കർ കുഞ്ഞിനെ നിരന്തരം മർദ്ദിച്ചിരുന്നതായി അമ്മ അഖിലയും സമ്മതിച്ചു. കൊലപാതകത്തിൽ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റമാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.

Related Articles

Back to top button