‘ജിതിൻ തെറ്റ് ചെയ്യില്ല, തിരക്കഥ യുഡിഎഫിന്റേത്’….. കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ

കോഴിക്കോട്: വടകരയെ പിടിച്ചുലച്ച വിവാദ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് പൂർണ്ണ പിന്തുണയുമായി സംഘടന. ജിതിൻ ഭാസ്കർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, യുഡിഎഫ് തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് പ്രത്യേക അന്വേഷണസംഘം പ്രതികളെ നിശ്ചയിച്ചിരിക്കുന്നതെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എൽ. ജി. ലിജീഷ് ആരോപിച്ചു.
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമാണ് നിലവിൽ അറസ്റ്റിലായ ജിതിൻ. വടകര എംപി ഷാഫി പറമ്പിൽ, കുറ്റ്യാടി മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള എന്നിവർ പറയുന്നതനുസരിച്ച് പോലീസ് ഡിവൈഎഫ്ഐ നേതാക്കളെ വേട്ടയാടുകയാണെന്നും, ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ലിജീഷ് വ്യക്തമാക്കി. അതേസമയം, കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് പ്രത്യേക അന്വേഷണസംഘം നൽകുന്ന സൂചന. സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ജിതിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും എസ്ഐടി അറിയിച്ചു.
ജിതിൻ ഭാസ്കർ വിവിധ വ്യക്തികൾക്കും 200-ഓളം വാട്സാപ് ഗ്രൂപ്പുകളിലേക്കും ഈ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു. ‘വടകര സ്ക്വാഡ്’ എന്ന വാട്സാപ് ഗ്രൂപ്പിലാണ് ജിതിൻ ഇത് ആദ്യം പങ്കുവെച്ചത്. തുടർന്ന് മറ്റൊരു ഡിവൈഎഫ്ഐ നേതാവായ റിബേഷ് രാമകൃഷ്ണൻ ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിലേക്കും ഇത് പ്രചരിപ്പിച്ചു. എന്നാണ് അന്വേഷണസംഘത്തിന്റെ പ്രധാന കണ്ടെത്തലുകൾ. കൃത്യമായ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ജിതിൻ ഭാസ്കരിലേക്ക് എത്തിയത്.



