പിണറായിക്ക് സ്തുതിഗാനമെഴുതിയ ചിത്രസേനനെ പുറത്താക്കി യുഡിഎഫ് സർക്കാർ…. തിങ്കളാഴ്ച മുതൽ ജോലിക്ക് വരേണ്ടെന്ന് നിർദ്ദേശം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സ്തുതിഗാനം രചിച്ച സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ മുൻ നേതാവ് പൂവത്തൂർ ചിത്രസേനന്റെ സേവനം പുതിയ യുഡിഎഫ് സർക്കാർ അവസാനിപ്പിച്ചു. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ നിന്നും വിരമിച്ച ശേഷം ധനകാര്യ വകുപ്പിൽ സ്പെഷ്യൽ മെസഞ്ചർ ആയി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. വരും ദിവസങ്ങളിൽ മറ്റ് രാഷ്ട്രീയ കരാർ നിയമനങ്ങളിലും സർക്കാർ കൈവെയ്ക്കുമെന്ന സൂചനകൾക്കിടെയാണ് ഈ പുതിയ നീക്കം. തിങ്കളാഴ്ച മുതൽ ജോലിക്ക് എത്തേണ്ടതില്ലെന്ന ഔദ്യോഗിക അറിയിപ്പ് അധികൃതർ ചിത്രസേനന് കൈമാറിയിട്ടുണ്ട്.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പൂവത്തൂർ ചിത്രസേനൻ രചിച്ച ഗാനം നേരത്തെ കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചിരുന്നു. ‘ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായ് പിണറായി’ എന്ന് തുടങ്ങുന്നതായിരുന്നു ചിത്രസേനന്റെ വരികൾ. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി അസോസിയേഷൻ ഭാരവാഹികൾ ഈ ഗാനം ആലപിച്ചതും വലിയ രീതിയിൽ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇടത് സർക്കാരിന്റെ കാലത്ത് ചിത്രസേനൻ എഴുതിയ ഈ സ്തുതിഗാനത്തിന് പ്രതിഫലമായാണ് വിരമിച്ച ശേഷവും ഇദ്ദേഹത്തിന് ധനകാര്യ വകുപ്പിൽ സ്പെഷ്യൽ മെസഞ്ചർ എന്ന തസ്തികയുണ്ടാക്കി കരാർ നിയമനം നൽകിയതെന്ന് അന്ന് യുഡിഎഫ് ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം, യുഡിഎഫ് സർക്കാരിന്റെ ഈ നടപടിയോട് തികച്ചും ശാന്തമായാണ് പൂവത്തൂർ ചിത്രസേനൻ പ്രതികരിച്ചത്. തന്റെ സേവനം അവസാനിപ്പിച്ചത് ഒരു സ്വാഭാവിക ഭരണനടപടി മാത്രമായാണ് താൻ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാരുകൾ അധികാരത്തിൽ വരുമ്പോൾ മുൻ സർക്കാരിന്റെ കാലത്തുണ്ടായ ഇത്തരം തസ്തികകളിലും കരാർ നിയമനങ്ങളിലും മാറ്റം വരുത്താറുണ്ടെന്നും അതിൽ രാഷ്ട്രീയമായി മറ്റ് പ്രകോപനങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button