ശബരിമല യുവതീപ്രവേശനത്തിൽ തന്നെ മാറ്റിനിർത്തിയെന്ന പത്മകുമാറിന്റെ വെളിപ്പെടുത്തൽ തള്ളി പിണറായി വിജയൻ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ നടത്തിയ വിവാദ വെളിപ്പെടുത്തലുകൾ പൂർണ്ണമായും തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുവതികൾ പ്രവേശിച്ച ദിവസം തന്നെയും അന്നത്തെ ഐജി (എഡിജിപി) ശ്രീജിത്തിനെയും ബോധപൂർവ്വം സന്നിധാനത്ത് നിന്ന് മാറ്റിനിർത്തിയെന്നായിരുന്നു പത്മകുമാറിന്റെ ആക്ഷേപം. എന്നാൽ പത്മകുമാറിനെ ആരും ശബരിമലയിൽ നിന്ന് മാറ്റിനിർത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വിഷയത്തെക്കുറിച്ച് തനിക്ക് കൂടുതൽ കാര്യങ്ങൾ അറിയില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. പത്മകുമാറിന്റെ വരാനിരിക്കുന്ന ആത്മകഥയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, ആരും ആത്മകഥ എഴുതുന്നതിന് എതിരല്ല. അദ്ദേഹം ആത്മകഥ എഴുതട്ടെ, അതിലൊന്നും ഇവിടെ ഒരു തടസ്സവുമില്ല.” – എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ലളിതമായ മറുപടി. ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് സിപിഎം നാളെ പത്മകുമാറിനെതിരെ ഔദ്യോഗികമായി അച്ചടക്കനടപടി സ്വീകരിക്കാനിരിക്കെയാണ് പാർട്ടിയെയും അന്നത്തെ ഭരണനേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുന്ന തുറന്നുപറച്ചിലുമായി പത്മകുമാർ രംഗത്തെത്തിയത്.
ഭരണനേതൃത്വത്തിലെ അതീവ ഉന്നതനായ ഒരു വ്യക്തി തന്നെ ബോധപൂർവ്വം ശബരിമലയിൽ നിന്ന് മാറ്റിനിർത്തിയ ശേഷമാണ് യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിച്ചതെന്നാണ് പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കിയത്. തന്റെ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയ ഈ രഹസ്യങ്ങൾ വരും ദിവസങ്ങളിൽ പരസ്യമായി തുറന്നുപറയാനാണ് പത്മകുമാറിന്റെ നീക്കമെന്നാണ് സൂചന. പത്മകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ താൻ തയ്യാറല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പാർട്ടി അച്ചടക്ക നടപടി നേരിടുന്ന വ്യക്തിയാണ് പത്മകുമാറെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് പാർട്ടി വില കൽപ്പിക്കുന്നില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. വിഷയത്തിൽ കൂടുതൽ വ്യക്തത തേടേണ്ടവർ അത് പത്മകുമാറിനോട് തന്നെ ചോദിക്കണമെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നാളത്തെ പാർട്ടി യോഗത്തിൽ പത്മകുമാറിനെതിരെയുള്ള അച്ചടക്ക നടപടി പ്രഖ്യാപിക്കാനിരിക്കെ, ഇടത് മുന്നണിയിൽ ഈ വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.


