പന്തളത്ത് സമയക്രമത്തെച്ചൊല്ലി സ്വകാര്യ ബസുകളുടെ പോര്…. കടുത്ത താക്കീതുമായി മോട്ടോർ വാഹന വകുപ്പ്

പന്തളം: പന്തളത്ത് സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ റോഡിൽ സ്വകാര്യ ബസുകളുടെ ഗുണ്ടാവിളയാട്ടം. ഒരു സ്വകാര്യ ബസ് മറ്റൊരു ബസിലേക്ക് മനഃപൂർവ്വം ഇടിച്ചുകയറ്റുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കടുത്ത നടപടിയും മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തി. ‘ദുർഗ’ എന്ന സ്വകാര്യ ബസ് ‘രാഖി’ എന്ന ബസിലേക്ക് മനഃപൂർവ്വം കൊണ്ടിടിപ്പിക്കുന്ന വീഡിയോ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചാണ് എംവിഡി മുന്നറിയിപ്പ് നൽകിയത്.

അതീവ അപകടകരമായ രീതിയിൽ റോഡിൽ അക്രമം കാട്ടിയ ബസ് ജീവനക്കാരെ ട്രോളിക്കൊണ്ടാണ് മോട്ടോർ വാഹന വകുപ്പ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. റോഡരികിൽ കിടന്ന രാഖി ബസിന്റെ വശങ്ങളിലേക്ക് ദുർഗ ബസ് മനഃപൂർവ്വം ചേർത്തൊതുക്കി ഉരസുന്നതും, അതിനുശേഷം മുന്നോട്ട് എടുത്ത ശേഷം പെട്ടെന്ന് റിവേഴ്‌സ് ഗിയറിലിട്ട് വന്ന് അതിശക്തമായി ഇടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ പന്തളം മെഡിക്കൽ മിഷൻ കവലയ്ക്ക് സമീപമായിരുന്നു സിനിമയെ വെല്ലുന്ന ഈ അക്രമസംഭവങ്ങൾ അരങ്ങേറിയത്. പന്തളം-കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളാണ് രണ്ടും. സമയക്രമം തെറ്റിച്ച് സർവീസ് നടത്തിയതിന് ദുർഗ ബസിനെതിരെ രാഖി ബസിന്റെ ഉടമകൾ നേരത്തെ നൂറനാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള കടുത്ത വൈരാഗ്യമാണ് വെള്ളിയാഴ്ച വൈകീട്ടുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്.

അപകടത്തിന് പിന്നാലെ രാഖി ബസിലെ ഡ്രൈവറായ കരുനാഗപ്പള്ളി സ്വദേശി പ്രേംകുമാറിന്റെ പരാതിയിൽ പന്തളം പോലീസ് ദുർഗ ബസിലെ ജീവനക്കാർക്കെതിരെ കേസെടുത്തു. ഇടിയുടെ ആഘാതത്തിൽ രാഖി ബസിന്റെ വശങ്ങൾ തകരുകയും രണ്ട് ലക്ഷം രൂപയുടെ ഭീമമായ നഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും മനഃപൂർവ്വം അപകടമുണ്ടാക്കിയതിനുമാണ് നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിൽ ബസിന്റെ ഫിറ്റ്‌നസും ജീവനക്കാരുടെ ലൈസൻസും റദ്ദാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കുമെന്നാണ് സൂചന.

Related Articles

Back to top button