‘നിപ വന്നിട്ടും മരുന്നെത്തിക്കാൻ കഴിഞ്ഞില്ല, ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത് ക്രൂരത’… മന്ത്രി കെ മുരളീധരനെതിരെ വീണാ ജോർജ്

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ആവശ്യമായ മരുന്ന് ലഭ്യമാക്കാൻ സാധിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിലെ യുഡിഎഫ് സർക്കാരിനും ആരോഗ്യമന്ത്രി കെ. മുരളീധരനുമെതിരെ വീണാ ജോർജ് കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും മരുന്ന് സ്റ്റോക്കില്ലെങ്കിൽ എന്തുകൊണ്ട് മുൻകൂട്ടി നടപടി സ്വീകരിച്ചില്ലെന്നും അവർ ചോദിച്ചു. മുൻപ് എൽഡിഎഫ് ഭരണകാലത്ത് നിപ സ്ഥിരീകരിച്ചപ്പോഴുള്ള തന്റെ പ്രവർത്തന ശൈലി ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു വീണയുടെ വിമർശനം.

സംസ്ഥാനത്ത് പകർച്ചവ്യാധി പിടിമുറുക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) ഡോ. കെ.ജെ. റീനയെ സ്ഥലം മാറ്റിയ നടപടിയെയും വീണാ ജോർജ് രൂക്ഷമായി എതിർത്തു. അഞ്ച് വർഷക്കാലം താൻ വലിയ രീതിയിലുള്ള വേട്ടയാടലിന് ഇരയായെന്നും എന്നാൽ ശരി എന്തായിരുന്നു എന്നത് കാലം തെളിയിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത അതീവ ഗുരുതര സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ. റീനയെ സർക്കാർ മാറ്റിയത്. അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷിക്കാണ് പകരം താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. ഡോ. റീനയെ എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് മാറ്റിയിട്ടുള്ളത്.

സംസ്ഥാനത്ത് പകർച്ചവ്യാധി പടരുമ്പോൾ ഡോ. റീന 15 ദിവസം അവധി എടുത്തതിൽ ആരോഗ്യമന്ത്രി കെ. മുരളീധരന് കടുത്ത അതൃപ്തിയുണ്ടായിരുന്നു എന്നാണ് വിവരം. ഈ അതൃപ്തിയാണ് പെട്ടെന്നുള്ള സ്ഥാനചലനത്തിന് പിന്നിലെന്നാണ് സൂചന. നിപ ഭീതിക്കിടെ ആരോഗ്യവകുപ്പിലെ ഈ ആഭ്യന്തര തർക്കങ്ങളും രാഷ്ട്രീയ പോരും വരും ദിവസങ്ങളിൽ കൂടുതൽ പുകയാൻ തന്നെയാണ് സാധ്യത.

Related Articles

Back to top button