കരിപ്പൂർ സ്വർണം പൊട്ടിക്കൽ: അന്വേഷണം അർജുൻ ആയങ്കിയിലേക്ക്…. 40 ലക്ഷത്തിന്റെ ഓഫറുമായി കൂട്ടാളി… ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണം പൊട്ടിക്കൽ (സ്വർണ്ണക്കവർച്ച) കേസിൽ ഒരിടവേളയ്ക്ക് ശേഷം അർജുൻ ആയങ്കിയുടെ പേരിലേക്ക് വീണ്ടും അന്വേഷണം നീളുന്നു. കരിപ്പൂരിൽ നിന്നും സ്വർണം കവരാൻ കണ്ണൂരിൽ നിന്നും ക്രിമിനൽ സംഘം എത്തിയത് അർജുൻ ആയങ്കിയുടെ നിർദേശപ്രകാരമാണോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. അർജുന്റെ അടുത്ത കൂട്ടാളികൾ സംഭവത്തിൽ ഉൾപ്പെട്ടതായി വ്യക്തമായ സാഹചര്യത്തിലാണ് പോലീസിന്റെ ഈ നിർണായക നീക്കം. കൃത്യമായ തെളിവുകൾ ലഭിച്ചാൽ അർജുൻ ആയങ്കിയെ കേസിൽ പ്രതി ചേർക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് കരിപ്പൂർ വിമാനത്താവള പരിസരത്ത് നിന്ന് അസ്വാഭാവിക പെരുമാറ്റം കണ്ടതിനെ തുടർന്ന് സ്വർണം പൊട്ടിക്കൽ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇതേ ദിവസം തന്നെ വിമാനത്താവളത്തിലെത്തിയ മഞ്ചേരി സ്വദേശി മുഹമ്മദ് സൽമാൻ സാലിഹിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. എന്നാൽ, സൽമാൻ സാലിഹ് തന്നെയാണ് വിദേശത്ത് നിന്നും സ്വർണം കടത്തിക്കൊണ്ടുവന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്. വിദേശത്ത് നിന്നും എ.ആർ നഗർ സ്വദേശിക്ക് വേണ്ടിയാണ് സൽമാൻ സ്വർണം കൊണ്ടുവന്നത്. എന്നാൽ യഥാർത്ഥ ഉടമയ്ക്ക് സ്വർണം കൈമാറാതെ, അർജുൻ ആയങ്കിയുടെ കൂട്ടാളിയായ അഭിജിത്ത് പറയുന്ന ആൾക്ക് സ്വർണം മറിച്ചു നൽകാൻ സൽമാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി 40 ലക്ഷം രൂപയാണ് അഭിജിത്ത് സൽമാന് ഓഫർ ചെയ്തിരുന്നത്. എന്നാൽ അവസാന നിമിഷം സൽമാൻ ഈ സംഘത്തെയും പറ്റിച്ചു.
സൽമാൻ പിന്നീട് പരപ്പനങ്ങാടി സ്വദേശി സാദിഖ് പറഞ്ഞതനുസരിച്ച് നിലമ്പൂർ സ്വദേശി ഷബീക്കിനാണ് സ്വർണം കൈമാറിയത്. തുടർന്ന് ഇവർ എറണാകുളത്തെ ഒരു മുറിയിൽ വെച്ച് ട്രോളി ബാഗ് കുത്തിപ്പൊട്ടിച്ച് അതിനകത്തുണ്ടായിരുന്ന സ്വർണം പങ്കിട്ടെടുക്കുകയായിരുന്നു. സംഭവത്തിൽ സൽമാനെയും സാദിഖിനെയും പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കള്ളക്കടത്ത് സ്വർണം കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. സ്വർണ്ണത്തിന്റെ യഥാർത്ഥ ഉടമയായ എ.ആർ നഗർ സ്വദേശിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഗൾഫിൽ നിന്നും അനധികൃതമായി സ്വർണം നാട്ടിലെത്തിക്കുന്നത് വൻ ലാഭകരമായി മാറിയിരിക്കുകയാണ്. ഇതാണ് ഒരിടവേളയ്ക്ക് ശേഷം കരിപ്പൂർ കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് സംഘങ്ങളും, അവരെ കെണിയിലാക്കി സ്വർണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ സംഘങ്ങളും’ വീണ്ടും സജീവമാകാൻ കാരണമെന്നാണ് പോലീസ് വിലയിരുത്തൽ.



