‘പ്രതികളുടെ ദൗര്‍ബല്യം അറിയാവുന്നയാള്‍ വരുന്നത് നല്ലത്’… പുതിയ പദവി നല്‍കിയതില്‍ നിലപാട് വ്യക്തമാക്കി കെ മുരളീധരന്‍​

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകന്‍ കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതില്‍ ന്യായീകരണവുമായി ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍. ഈ നിയമനം മുഖ്യമന്ത്രി വി.ഡി. സതീശന്റെ തീരുമാനമാണെന്നും അത് അദ്ദേഹത്തിന്റെ വിവേചനാധികാരത്തില്‍ പെട്ടതാണെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ താന്‍ ഇടപെടില്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ​

പ്രതികളുടെ ദൗര്‍ബല്യം കൃത്യമായി അറിയാവുന്ന ഒരാള്‍ അഭിഭാഷകനായി വരുന്നത് കേസിന് നല്ലതാണെന്ന വിചിത്ര ന്യായീകരണവും കെ. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തി. ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവി മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് കെ.ബി. പ്രദീപിന് വേണ്ടി ദേവസ്വം വകുപ്പില്‍ പുതിയ സ്പെഷ്യല്‍ അഡ്വക്കേറ്റ് പദവി സൃഷ്ടിച്ച് നിയമനം നല്‍കിയത്.​

അതേസമയം, നിപ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിലും ഭരണതലത്തിലും ഉണ്ടായ പരസ്യമായ ആശയക്കുഴപ്പങ്ങളിലും മന്ത്രി കെ. മുരളീധരന്‍ പ്രതികരിച്ചു. നിപയുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശയക്കുഴപ്പവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വൈകീട്ട് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഉച്ചയോടെ തന്നെ പൂനെയില്‍ നിന്നുള്ള ഫലം ലഭിച്ചെന്നും രോഗിക്ക് നിപ സ്ഥിരീകരിച്ചെന്നും കോഴിക്കോട് കളക്ടര്‍ വ്യക്തമാക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോടാണ് കളക്ടറുടെ പരിചയക്കുറവാണ് ഇതിന് കാരണമെന്ന രീതിയില്‍ മന്ത്രി മറുപടി നല്‍കിയത്.

Related Articles

Back to top button