മാസപ്പടി കേസ്… വീണയ്ക്ക് വീണ്ടും ഇഡി സമൻസ്

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് നേരെ നടപടികൾ കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി വീണയ്ക്ക് വീണ്ടും സമൻസ് അയച്ചു. വരും ബുധനാഴ്ച കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് പുതിയ നിർദേശം.
ഇന്ന് രാവിലെ 10.30-ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമൻസ് അയച്ചിരുന്നെങ്കിലും വീണ ഇന്ന് എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ നിന്ന് രണ്ടാഴ്ചത്തെ സാവകാശമാണ് വീണ ഇഡിയോടും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വീണയ്ക്ക് കൂടുതൽ സമയം അനുവദിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഇഡി, തൊട്ടുപിന്നാലെ ബുധനാഴ്ച തന്നെ ഹാജരാകാൻ ആവശ്യപ്പെട്ട് പുതിയ സമൻസ് നൽകുകയായിരുന്നു. വീണയ്ക്ക് പുറമെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെ ഒൻപത് പേർക്കാണ് ഇഡി ആദ്യഘട്ടത്തിൽ സമൻസ് അയച്ചിരുന്നത്. ശശിധരൻ കർത്ത ഉൾപ്പെടെയുള്ള മറ്റ് എട്ട് പേരും വൈകാതെ തന്നെ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നാണ് വിവരം.
ഈ കേസിൽ ഇഡി വളരെ നിർണായകമായ നീക്കങ്ങളിലേക്കാണ് കടക്കുന്നത്. സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് വഴി വീണയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് എന്തെങ്കിലും തരത്തിലുള്ള സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെങ്കിൽ, പിഎംഎൽഎ നിയമപ്രകാരം അത് കണ്ടുകെട്ടാനാണ് ഇഡിയുടെ നീക്കം. ശശിധരൻ കർത്തയുടെ മറ്റൊരു കമ്പനിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വായ്പ ലഭിച്ച സാഹചര്യം. ഈ വായ്പ തുകയുടെ തിരിച്ചടവ് എങ്ങനെയായിരുന്നു എന്നതിന്റെ രേഖകൾ. നൽകാത്ത സേവനത്തിന്റെ പേരിൽ എക്സാലോജിക് വൻ തുക കൈപ്പറ്റിയെന്ന SFIO കണ്ടെത്തൽ. ഇഡി ചോദ്യം ചെയ്യലിൽ വീണ വിശദീകരിക്കേണ്ടി വരുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്.
ഒരു സേവനവും നൽകാതെയാണ് എക്സാലോജിക് സിഎംആർഎല്ലിൽ നിന്ന് വൻ തുക കൈപ്പറ്റിയതെന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (SFIO) കണ്ടെത്തൽ വീണയ്ക്ക് വലിയ കുരുക്കാകും. മറ്റ് കരാർ സ്ഥാപനങ്ങളെ അപേക്ഷിച്ച് എക്സാലോജിക്കിന് സിഎംആർഎൽ നൽകിയത് വൻ തുകയാണ്. എക്സാലോജിക്കുമായുള്ള കരാറിന് ശേഷം ‘അറ്റ്നാ ടെക്നോളജി’ എന്ന മറ്റൊരു സ്ഥാപഭവുമായി സിഎംആർഎൽ ഉണ്ടാക്കിയ കരാറിലെ വിവരങ്ങളാണ് തുകയിലെ ഈ വൻ വ്യത്യാസം തെളിയിക്കാൻ ഇഡിക്ക് മുന്നിലുള്ള നിർണായക രേഖ.



