സംഘടനയെ തകർക്കാൻ ശ്രമിച്ചു, പ്രതിച്ഛായ കളങ്കപ്പെടുത്തി…. അൻസിബയ്ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ‘അമ്മ’

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെ സംഘടനയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നടി അൻസിബയ്ക്ക് ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഘടന ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തമായ വിശദീകരണം നൽകിയില്ലെങ്കിൽ അടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കുമെന്നാണ് താക്കീത്. വരും ദിവസങ്ങളിൽ സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്ക് ഇത് വഴിതുറക്കും.
പൊതുജനങ്ങൾക്ക് മുന്നിൽ താരസംഘടനയുടെ സൽക്കീർത്തിയും ജനപ്രീതിയും ഇടിച്ച് താഴ്ത്താൻ അൻസിബ ശ്രമിച്ചെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വിലയിരുത്തൽ. അതേസമയം, നടി അൻസിബ വനിതാ എസ്ഐക്കും നടി ലക്ഷ്മി പ്രിയയ്ക്കും എതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി. തൃപ്പൂണിത്തുറ വനിതാസെൽ എസ്ഐ രേഷ്മ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും കേസിന്റെ ഭാഗമായി വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് തൃക്കാക്കര എസിപി സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മി പ്രിയയും വനിതാ എസ്ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി.
മറ്റൊരു സംഭവത്തിൽ, നടൻ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം അൻസിബ നേരിട്ടെത്തി മൊഴി രേഖപ്പെടുത്തി. തനിക്കെതിരെ നിരന്തരം സൈബറാക്രമണം നടത്തുന്നുവെന്നും ‘ജിഹാദി’ എന്ന് വിളിച്ച് വർഗ്ഗീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നുമാണ് ടിനി ടോമിനെതിരായ പരാതി. നടി നീനാ കുറുപ്പാണ് ഈ കേസിലെ പ്രധാന സാക്ഷി. വരും ദിവസങ്ങളിൽ ടിനി ടോമിന്റെയും നീനാ കുറുപ്പിന്റെയും മൊഴികൾ പോലീസ് വിശദമായി രേഖപ്പെടുത്തും. സിനിമയ്ക്കുള്ളിലെ ചേരിപ്പോരും വ്യക്തിപരമായ നിയമപോരാട്ടങ്ങളും ‘അമ്മ’യുടെ നോട്ടീസ് കൂടി എത്തിയതോടെ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.



