‘കുറുവടി കറക്കാൻ അറിയുന്നവർ സെനറ്റിൽ… ഗവർണർ എഴുതിക്കൊടുക്കുന്നത് വിഴുങ്ങലല്ല മന്ത്രിയുടെ പണി’… ഉന്നത വിദ്യാഭ്യാസ മന്ത്രിക്കതിരെയും ജനീഷ് കുമാർ

തിരുവനന്തപുരം: എം ജി സർവകലാശാല സെനറ്റിലേക്ക് ആർഎസ്എസ്-ബിജെപി പശ്ചാത്തലമുള്ളവരെ ഗവർണർ കൂട്ടത്തോടെ നാമനിർദ്ദേശം ചെയ്തതിനെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് മുൻ എംഎൽഎ കെ യു ജനീഷ് കുമാർ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന്റെ നിലപാടുകളെയും പരാമർശങ്ങളെയും ശക്തമായി വിമർശിച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജനീഷ് കുമാർ രംഗത്തെത്തിയത്. ഗവർണറുടെ ഓഫീസിൽ നിന്ന് എഴുതിക്കൊടുത്ത് വിടുന്നത് ‘വാ തൊടാതെ’ വിഴുങ്ങലല്ല ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പണിയെന്ന് അദ്ദേഹം പരിഹസിച്ചു.

എംജി സർവകലാശാല സെനറ്റിലേക്ക് ഗവർണർ തിരുകിക്കയറ്റിയിരിക്കുന്നത് ഒന്നും രണ്ടുമല്ല, 19 സംഘപരിവാർ അനുകൂലികളെയാണെന്ന് ജനീഷ് കുമാർ ആരോപിച്ചു. ശാഖകളിൽ കുറുവടി കറക്കാൻ മാത്രം വിദഗ്ധരായവർ പോലും ഈ കൂട്ടത്തിലുണ്ടെന്നും, ആകെ നാമനിർദ്ദേശം ചെയ്ത 30 അംഗങ്ങളിൽ 19 പേരും സംഘപരിവാറുകാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി പുതപ്പിച്ചപ്പോൾ, അതിനെതിരെ എതിർപ്പിന്റെ ഒരു ശബ്ദം പോലും ഉയർത്താതെ കയ്യും കെട്ടി നോക്കിനിന്ന മന്ത്രിയെന്ന് കാലം റോജി എം ജോണിനെ അടയാളപ്പെടുത്തുമെന്ന് ജനീഷ് കുമാർ കുറിച്ചു. യുഡിഎഫ് സർക്കാർ ഗവർണറുടെ യൂണിവേഴ്സിറ്റി കാവിവത്ക്കരണത്തെ പൂർണ്ണമായി അംഗീകരിച്ചു കൊടുക്കുകയാണ് ചെയ്തത്. ഏതോ അണിയറ ഡീലിന്റെ ഭാഗമായി, ആരോ എഴുതിയ തിരക്കഥകൾക്ക് അനുസരിച്ചാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാര്യങ്ങൾ വേഗത്തിൽ നടപ്പിലാകുന്നതെന്നും ജനീഷ് കുമാർ ആരോപിച്ചു. എംജി സർവകലാശാലാ സെനറ്റ് പുനഃസംഘടനയെച്ചൊല്ലി വരും ദിവസങ്ങളിൽ രാഷ്ട്രീയപ്പോര് ശക്തമാകുമെന്നാണ് ഈ പോര് സൂചിപ്പിക്കുന്നത്.

കെ യു ജനീഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്…..

‘ഇടതുപക്ഷത്തിന് അനഭിമതരായ ആളുകളെ ഞങ്ങള്‍ക്ക് നിയമിക്കാന്‍ പറ്റില്ലേ’എന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.റോജി.എം.ജോണിന്റെ ഇന്നത്തെ കമന്റ് .
ബി.അശോകിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചതിനെ ന്യായീകരിച്ചാണ് അദ്ദേഹം ഇന്ന് ഈ കമന്റ് പറഞ്ഞിട്ടുള്ളത്.
‘വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരണത്തോട് ഈ സര്‍ക്കാര്‍ യോജിക്കില്ല,ആ നിലപാടില്‍ മാറ്റമില്ലെന്ന്’ പിന്നീട് അദ്ദേഹം തിരുത്തിയിട്ടുണ്ട്.
എം.ജി സെനറ്റിലേക്ക് ഗവര്‍ണ്ണര്‍ തിരുകി കയറ്റിയിരിക്കുന്നത് ഒന്നും,രണ്ടുമല്ല,19 സംഘപരിവാര്‍ അനുകൂലികളെയാണ്.ശാഖകളില്‍ കുറുവടി കറക്കാന്‍ മാത്രം വിദഗ്ദരായവര്‍ പോലും കൂട്ടത്തിലുണ്ട്.30 അംഗങ്ങളില്‍ 19 പേരും സംഘപരിവാറുകാര്‍.!
വി.സിയുടെ ചുമതലയും കൊടുത്തിരിക്കുന്നതും ഇതേ രീതിയില്‍ തന്നെയാണ്.
ഗവര്‍ണ്ണറുടെ ഓഫീസില്‍ നിന്ന് എഴുതി കൊടുത്ത് വിടുന്നത് ‘വാ തൊടാതെ’ വിഴുങ്ങലല്ല ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പണി.
‘വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിയമനം പോലും ലോക്ഭവനില്‍ നിന്ന് നല്‍കിയ ലിസ്റ്റ് പ്രകാരമാണോ’ എന്ന് സംശയിക്കത്തക്ക രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

സെനറ്റ് നിയമനത്തില്‍ എതിര്‍പ്പിന്റെ ഒരു ശബ്ദം പോലും ഉയര്‍ത്താതെയാണ് യുഡിഎഫ് സര്‍ക്കാര്‍ ഗവര്‍ണ്ണറുടെ യൂണിവേഴ്സിറ്റി കാവിവത്ക്കരണത്തെ അംഗീകരിച്ച് കൊടുത്തത്.ഏതോ ഡീലിന്റെ ഭാഗമായി,ആരോ എഴുതിയ തിരക്കഥകള്‍ക്ക് അനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാര്യങ്ങള്‍ വേഗത്തില്‍ നടപ്പിലാവുന്നുണ്ട്.
‘ഗവര്‍ണറുമായി ഏറ്റുമുട്ടാന്‍ ഇതൊരു ഗുസ്തിമത്സരം ഒന്നുമല്ലല്ലോ’ എന്ന റോജി.എം.ജോണിന്റെ പ്രസ്താവന അങ്ങേയറ്റം അപഹാസ്യമാണ്.
ചാന്‍സിലര്‍ എന്ന് പദവി ദുരുപയോഗം ചെയ്ത്,ഗവര്‍ണ്ണര്‍ എന്ന ഭരണഘടനാ സ്ഥാപനം നടത്തുന്ന കാവിവത്ക്കരണത്തെ അങ്ങേയറ്റം എതിര്‍ക്കേണ്ടത് ഈ നാട്ടിലെ ഒരു സാധാരണ പൗരന്റെ പോലും ചുമതലയാണ്.അപ്പോളാണ് വകുപ്പ് മന്ത്രി ഇത്തരം നിരുത്തരവാദിത്വപരമായ നിലപാട് സ്വീകരിക്കുന്നത്.
സെന്‍കുമാറിന്റെ വിഷയത്തില്‍ അന്നത്തെ സര്‍ക്കാരിനെ നഖശിഖാന്തം എതിര്‍ത്തവരാണ് അന്നത്തെ യുഡിഎഫ്.അദ്ദേഹത്തിന് വേണ്ടി സുപ്രീം കോടതിയില്‍ പോയവര്‍ പോലും അക്കൂട്ടത്തിലുണ്ട്.
അന്ന് സഖാവ് പിണറായി വിജയന്‍ സഭയില്‍ പറഞ്ഞ ഒരു കാര്യമുണ്ട്.
‘അദ്ദേഹം നിങ്ങള്‍ ഉദ്ദേശിക്കുന്നിടത്തല്ല’എന്ന്..

അതിന്റെ പൊരുള്‍ അന്ന് നിങ്ങള്‍ മനസ്സിലാക്കിയില്ലെങ്കിലും പിന്നീട് കാലം അത് തെളിയിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ‘യുഡിഎഫ് സര്‍ക്കാരിനെ മുന്‍നിര്‍ത്തി ഗവര്‍ണ്ണറുടെ ഓഫീസ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തുന്നു’ എന്നൊരു പ്രസ്താവന സഖാവ് പിണറായി വിജയന്റേതായി ഇന്ന് പുറത്ത് വന്നിട്ടുണ്ട്.
അതിന്റെ പൊരുള്‍ ഇന്ന് നിങ്ങള്‍ക്ക് മനസ്സിലാവില്ല.നാളെ അതും കാലം തെളിയിക്കും.
പ്രിയപ്പെട്ട ശ്രീ.റോജി.എം.ജോണ്‍…
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി പുതപ്പിച്ചപ്പോള്‍, ‘അത് കൈയ്യും കെട്ടി കണ്ട് കൊണ്ട് നിന്ന,എതിര്‍ക്കാതിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി’എന്ന് കാലം അങ്ങയെ അടയാളപ്പെടുത്തും.
ഈ ഗുസ്തി വ്യക്തികള്‍ തമ്മിലല്ല.
മതേതരത്വവും,സംഘപരിവാറും തമ്മിലാണ്. ഗോദയില്‍ ഇറങ്ങുക എന്നതാണ് ഓരോ മതേതരവാദിയുടെയും
ഉത്തരവാദിത്വവും,കര്‍ത്തവ്യവും.
അങ്ങ് അത് മറക്കരുത്…

Related Articles

Back to top button