തൃശൂരിൽ വിവിധയിടങ്ങളിൽ മിന്നൽച്ചുഴലി…. സ്കൂൾ മുറ്റത്ത് വൻ നാശനഷ്ടം, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂർ: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ആഞ്ഞടിച്ച മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം. പ്രധാനമായും വില്ലടം, ചേറൂർ, നട്ടത്തറ പ്രദേശങ്ങളിലാണ് രാവിലെ ഒൻപത് മണിയോടെ ശക്തമായ കാറ്റ് വീശിയടിച്ചത്. പലയിടങ്ങളിലും കൂറ്റൻ മരങ്ങൾ കടപുഴകി വീണു. കുട്ടികൾ സ്കൂളിലെത്തിയ തൊട്ടുപിന്നാലെയായിരുന്നു അപകടം എന്നതിനാൽ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

നട്ടത്തറ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂൾ മുറ്റത്തെ അഞ്ചോളം വലിയ തേക്കിൻ മരങ്ങളാണ് കാറ്റിൽ വേരോടെ പിഴുതുവീണത്. രാവിലെ കുട്ടികൾ സ്കൂളിലേക്ക് എത്തുന്ന സമയത്തായിരുന്നു സംഭവം. കുട്ടികൾ ക്ലാസ് മുറികളിലേക്ക് പ്രവേശിച്ചതിന് തൊട്ടുപിന്നാലെയാണ് വലിയ കാറ്റ് വീശിയതെന്ന് സ്കൂൾ അധ്യാപിക പറഞ്ഞു. മരം വീണ് സ്കൂളിലെ എൽ.കെ.ജി ക്ലാസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ ഷീറ്റുകളും തൂണുകളും തകർന്നു. സ്കൂൾ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന നാലോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിൽ ഒരു ഒമിനി വാൻ പൂർണ്ണമായും തകർന്നു. ഭാഗ്യത്തിനാണ് ആർക്കും പരിക്കേൽക്കാതിരുന്നത്.

വില്ലടം മിൽമയ്ക്ക് മുന്നിലും വില്ലേജ് ഓഫീസിന് മുന്നിലേക്കും മരങ്ങൾ കടപുഴകി വീണു. സ്കൂൾ വാഹനങ്ങൾ അടക്കം റോഡിലൂടെ കടന്നുപോകുന്ന സമയത്തായിരുന്നു ഇത്. ഇവിടെയുണ്ടായിരുന്ന രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റോഡിലേക്ക് മരം വീണതിനെ തുടർന്ന് മണിക്കൂറുകളോളം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. ചുരുങ്ങിയ മിനിറ്റുകൾ മാത്രം നീണ്ടുനിന്ന ചുഴലിക്കാറ്റാണ് തൃശൂരിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ഭീതിയും നാശനഷ്ടവുമുണ്ടാക്കിയത്.

Related Articles

Back to top button