‘ഹിറ്റ്‌ലറെ ആരാധിക്കുന്ന മുഖ്യമന്ത്രി കോൺഗ്രസിന് ഉള്ളത് ലജ്ജാകരം’…. രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: തെലങ്കാനയിലെ കയ്യേറ്റ വിരുദ്ധ കര്‍മസേനയായ ‘ഹൈഡ്ര’യ്ക്ക് (HYDRAA) പ്രചോദനമായത് അഡോള്‍ഫ് ഹിറ്റ്‌ലറാണെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രേവന്ത് റെഡ്ഡിയുടെ പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ബുള്‍ഡോസര്‍ രാജ് നടപ്പാക്കാനായി സൃഷ്ടിച്ച സംവിധാനത്തിന് ആ പേര് നല്‍കിയത് ലോകചരിത്രം കണ്ട ഏറ്റവും ക്രൂരനായ വംശീയവാദിയും ഏകാധിപതിയുമായിരുന്ന ഹിറ്റ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് അദ്ദേഹം പരസ്യമായി അഭിമാനപൂര്‍വ്വം പ്രസ്താവിച്ചിരിക്കുകയാണെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

ഇത് കേവലമൊരു നാക്കുപിഴയായി കാണാന്‍ കഴിയില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. അടിയന്തരാവസ്ഥയിലൂടെ ഇന്ത്യയുടെ ജനാധിപത്യ അവകാശങ്ങളെ കശാപ്പ് ചെയ്ത കോൺഗ്രസിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ സ്വഭാവം തന്നെയാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകളിലൂടെ പുറത്തു ചാടിയത്. ഹിറ്റ്ലറുടെ കൊലയാളി സംഘത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കോൺഗ്രസ് സര്‍ക്കാര്‍ ഭരണം നടത്തുന്നത് എന്ത് ജനാധിപത്യ മാതൃകയാണെന്നും അദ്ദേഹം ചോദിച്ചു. രേവന്ത് റെഡ്ഡിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് അയാളുടെ പഴയ സംഘപരിവാര്‍ പശ്ചാത്തലം കൂടിയാണെന്ന് പിണറായി വിജയൻ ആരോപിച്ചു.

Related Articles

Back to top button