നടിയെ ആക്രമിച്ച കേസ്… മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതിലെ പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഹൈക്കോടതി ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നാണ് സൂചന. ഇതോടെ അതിജീവിതയുടെ ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരം മറ്റൊരു ബെഞ്ച് പരിഗണിക്കും.
വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ മൂന്ന് തവണ അനധികൃതമായി പരിശോധിക്കപ്പെട്ടുവെന്നും ഇതിന് പിന്നിൽ കൃത്യമായ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടാണ് അതിജീവിത കോടതിയെ സമീപിച്ചത്. നേരത്തെ കോടതി മേൽനോട്ടത്തിൽ നടന്ന അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരം പുനരന്വേഷണ ഹർജി നൽകിയത്. കേസിൽ ഏറെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ അടങ്ങിയ മെമ്മറി കാർഡിന്റെ സുരക്ഷിതത്വത്തെയും ദൃശ്യങ്ങൾ ചോർന്നതിനെയും ചൊല്ലി വലിയ നിയമപോരാട്ടങ്ങളും വിവാദങ്ങളുമാണ് നിലനിൽക്കുന്നത്. അതിനിടയിലാണ് ഹർജി പരിഗണിക്കുന്നതിൽ നിന്നുള്ള ജഡ്ജിയുടെ അപ്രതീക്ഷിത പിന്മാറ്റം.



