എല്ലാക്കാലവും അഭിമാനമാണ് സലിമിൻ്റെ ക്ലാസ്മേറ്റ് ആയിരുന്നു എന്നത് അപ്പോ സലാമെടാ. കാണാം.’….ശ്രീജിത്ത് ദിവാകരൻ…

കൊച്ചി: ‘എല്ലാക്കാലവും അഭിമാനമാണ് സലിമിൻ്റെ ക്ലാസ്മേറ്റ് ആയിരുന്നു എന്നത് അപ്പോ സലാമെടാ. കാണാം.’ സഹപാഠിയായിരുന്നു സലിം കുമാറിൻ്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മാധ്യമ പ്രവർത്തകൻ ശ്രീജിത്ത് ദിവാകരൻ. മഹാരാജാസ് കോളേജിൽ ബി എ മലയാളം ക്ലാസിൽ ഒരുമിച്ചുണ്ടായിരുന്നു സലിം കുമാർ കലാജീവിതത്തിൽ നേട്ടങ്ങളുടെ നെറുകയിലേയ്ക്ക് എത്തിയതിൻ്റെ നാൾവഴികൂടി ശ്രീജിത്ത് ദിവാകരൻ തൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.
ഒരു കാലം ഒരുമിച്ചായിരുന്നു. തൊണ്ണൂറുകളുടെ ആദ്യ പകുതി. മഹാരാജാസ് കോളേജ്. ബി. എ മലയാളം ക്ലാസ് . ക്ലാസിലെ സ്ഥിരം അസാന്നിധ്യമായിരുന്നു ഞങ്ങൾ. ആർട്ടിസ്റ്റായ സലിമും മാഗസിൻ എഡിറ്റർ / യു.യു.സിയായിരുന്ന ശ്രീജിത്തും. അധ്യാപകരിൽ പ്രധാനിയായിരുന്ന പ്രൊഫ.സി.ആർ ഓമനക്കുട്ടൻ എന്ന സി.ആർ ആയിരുന്നു ഞങ്ങളുടെ രണ്ട് പേരുടേയും ആശ്രയം. ക്ലാസില്ലാത്ത മണിക്കൂറുകളിൽ ഞങ്ങൾ ക്ലാസിൽ ഒത്തുകൂടിയിരുന്ന് വർത്തമാനം പറഞ്ഞു. നല്ല മൂഢാണെങ്കിൽ സലിം ഒരു ബീഡി നൽകും. പറവൂരിലേയും മാല്യങ്കരയിലേയും ഇടയ്ക്കിടെ ചെയ്യുന്ന ജോലികളുടെയും കഥ പറയും.
ചിരികൾക്കിടയിൽ ജീവിത പ്രാരാബ്ധങ്ങൾ മുഴച്ച് നിൽക്കും. സിറാജും വാസുവും വിഷ്ണുവും ഉണ്ടാകും ആ ചിരികൾക്കിടയിൽ . കെഎസ്യുക്കാരനായിരുന്നുവെങ്കിലും ഞങ്ങൾ എസ്എഫ്ഐക്കാരുടെ സ്വന്തമായിരുന്നു അക്കാലത്ത് സലിം’ എന്നായിരുന്നു സലിം കുമാറിനൊപ്പമുള്ള കോളേജ് ജീവിതത്തെ ശ്രീജിത്ത് ദിവാകരൻ അനുസ്മരിച്ചിരിക്കുന്നത്.



